പേരാവൂരിലേത് വികസനത്തിന്റെ വിജയം
ഇരിട്ടി: സണ്ണി ജോസഫ് പേരാവൂര്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തന വികവിനുള്ള അംഗീകാരമാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷത്തിന് വീണ്ടും വിജയിക്കാന്‍ കഴിഞ്ഞതെന്ന് കോണ്‍ഗ്രസ്. മണ്ഡല പുനര്‍നിര്‍ണയത്തോടെ യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ പേരാവൂരില്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ കഴിയാത്തതും ചിലയിടങ്ങളില്‍ ബി.ജെ.പി വോട്ട് യു.ഡി.എഫിന് അനുകൂലമായതുമാണ് സണ്ണി ജോസഫിന് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് സി.പി.എം വിലയിരുത്തല്‍.
മണ്ഡലം രൂപീകരണ നാള്‍തൊട്ട് പേരാവൂര്‍ യു.ഡി.എഫ് അനുകൂല മണ്ഡലമാണെങ്കിലും 1991 മുതല്‍ 2011 വരെ ഇരുമുന്നണികളെയും പരീക്ഷിക്കുന്ന പാരമ്പര്യമായിരുന്നു പേരാവൂരിന്റേത്. മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ പായം, മുഴക്കുന്ന്, പേരാവൂര്‍, ഇരിട്ടി മുനിസിപ്പാലിറ്റിയും ഒഴികെ മുഴുവന്‍ പഞ്ചായത്തുകളിയും യു.ഡി.എഫാണ് ഭരിക്കുന്നത്. ഇവിടെങ്ങളിലെല്ലാം വ്യക്തമായ മുന്നേറ്റ മുണ്ടാക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞു. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മുസ്‌ലിംലീഗിലെ തര്‍ക്കം കൊണ്ടാണ് യു.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായത്.
അതുകൊണ്ടുതന്നെ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് 1500 ലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പായം, മുഴക്കുന്ന്, പേരാവൂര്‍ മണ്ഡലത്തില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാത്തതും സംഘടനാ മികവിലെ പാളിച്ചയാണെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.
സണ്ണി ജോസഫിനെതിരേ മത്സരിച്ച കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിക്കും കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതു യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിപ്പിച്ചു. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിടിച്ചതിന്റെ ഇരട്ടിയിലധികം വോട്ട് പിടിച്ചു.
അദ്ദേഹത്തിന്റെ പഞ്ചായത്തായ കേളകത്ത് 2000വോട്ടും കണിച്ചാറില്‍ 1300 വോട്ടും പായത്ത് 1000 വോട്ടും പിടിച്ചിട്ടുണ്ട്. എന്നാല്‍, ഇതു ബി.ജെ.പിയുടെ വോട്ടുകളല്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് മണ്ഡലത്തില്‍ 10,000 വോട്ടുണ്ടെന്ന് സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ അവകാശപ്പെട്ടെങ്കിലും അവയൊന്നും ലഭിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."