കെ.എസ്.ആര്‍.ടി.സി: 89 ദിവസത്തില്‍ കൂടുതല്‍ അനധികൃത അവധിയെടുത്തവരെ പിരിച്ചു വിടാന്‍ തീരുമാനം
തിരുവനന്തപുരം: 89 ദിവസത്തില്‍ കൂടുതല്‍ അനധികൃത അവധിയെടുത്തവരെ പിരിച്ചുവിടാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം എം.ഡി. എം.ജി. രാജമാണിക്യം അതതു സെക്ഷന്‍, യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കി. അവധിയെടുത്തിരിക്കുന്ന ജീവനക്കാര്‍ക്കെല്ലാം സെക്ഷന്‍, യൂനിറ്റ് ഓഫിസര്‍മാര്‍ നോട്ടിസ് നല്‍കണം.
ഇതിനു ശേഷമുള്ള പുരോഗതി റിപ്പോര്‍ട്ട് അടുത്ത മാസം ഒന്നിന് നല്‍കണമെന്നും എം.ഡി നിര്‍ദേശിച്ചിട്ടുണ്ട്. സെക്ഷന്‍-യൂനിറ്റ് ഓഫിസര്‍മാര്‍ നല്‍കുന്ന പുരോഗതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിരിച്ചുവിടല്‍ നടപടി. ദീര്‍ഘ നാളത്തെ അവധിയെടുത്ത് മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നവരേയും, സ്ഥിരമായി ജോലി ചെയ്യാന്‍ എത്താത്തവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിവിധ സെക്ഷനുകളിലും യൂനിറ്റുകളിലുമായി 2800ലധികം ജീവനക്കാര്‍ അവധിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അവര്‍ക്ക് കാരണം ബോധിപ്പിക്കാന്‍ അവസരമുണ്ടെങ്കിലും കാരണങ്ങള്‍ ന്യായമല്ലെന്നു കണ്ടാല്‍ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും. അനധികൃത അവധിയെടുത്ത് പുറം പണികള്‍ക്കു പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളം ഒഴികെ മറ്റാനുകൂല്യങ്ങളെല്ലാം ലഭിക്കുന്നുണ്ട്.
ഇത് അധിക ബാധ്യതയുണ്ടാക്കുന്നു. ജീവനക്കാരുടെ കൂട്ടായ പ്രയത്‌നം കൊണ്ടു മാത്രമേ കെ.എസ്.ആര്‍.ടി.സിക്കു മുന്നോട്ടു പോകാന്‍ കഴിയൂവെന്ന ഘട്ടത്തില്‍ ആനുകൂല്യങ്ങളെല്ലാം പറ്റിക്കൊണ്ട് അനധികൃത അവധിയെടുത്തിട്ടുള്ളവര്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ശമ്പളം പോലും നല്‍കാന്‍ പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് കെ.എസ്.ആര്‍.ടി.സി. ഓരോ മാസവും ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കാന്‍ ഡിപ്പോകള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിക്കൊണ്ടാണ് പണം കണ്ടെത്തുന്നത്. വരുന്ന മാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാത്ത സ്ഥിതിയിലാണ്. കറന്‍സി മാറ്റം മൂലം വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.
ദിവസവും 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. പഴയ കറന്‍സി നിര്‍ത്തലാക്കിയ എട്ടാം തിയതി മുതല്‍ 15 ദിവസത്തെ നഷ്ടം7.50 കോടിയായിട്ടുണ്ട്. എന്നാല്‍, സര്‍വിസുകള്‍ ഒന്നും വെട്ടിക്കുറച്ചിട്ടില്ല. ജീവനക്കാരുടെ അഭാവം, ശബരിമല സീസണില്‍ സര്‍വിസുകള്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.
മടിയന്‍മാര്‍ക്കെതിരേ രാജമാണിക്യ സ്‌ട്രൈക്ക്
മടിയന്‍മാരായ ജീവനക്കാര്‍ക്കെതിരേ വീണ്ടും എം.ജി. രാജമാണിക്യത്തിന്റെ മറ്റൊരു സ്‌ട്രൈക്ക്. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കി ഡ്രൈവര്‍ തന്നെ കണ്ടക്ടറാകണം, ജീവനക്കാരില്ലാതെ, ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ മാറ്റണം. സര്‍വിസുകളെ തരം തിച്ച് എ,ബി,സി,ഡി, എന്നീ കാറ്റഗറികളിലാക്കി പുന:ക്രമീകരിച്ച് ഷെഡ്യൂളുകള്‍ പരിഷ്‌ക്കരിച്ച തീരുമാനം എന്നിവയ്ക്കു പിന്നാലെയാണ് അനധികൃത അവധിയെടുത്തു മുങ്ങുന്ന ജീവനക്കാരെ പിരിച്ചു വിടണമെന്ന എം ഡിയുടെ തീരുമാനം വന്നത്.
ഒരു സ്ഥാപനം നേരേയാകണമെങ്കില്‍, ആ സ്ഥാപനത്തിലെ ജീവനക്കാര്‍ ആദ്യം നേരേ പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ എല്ലാം തകിടം മറിയും. കൃത്യമായ ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പോലും ജീവനക്കാരില്ല. വര്‍ക്ക്‌ഷോപ്പുകളില്‍ ബസുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ മെക്കാനിക്കുകളില്ല. കെ.എസ്.ആര്‍.ടി.സി ഭവനില്‍ ഡ്യൂട്ടി സമയങ്ങളില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം.
പുതിയ ബസുകള്‍ക്ക് കൃത്യമായി ടെസ്റ്റോ, സാധനങ്ങളുടെ പര്‍ച്ചേസോ നിര്‍വഹിക്കാനാളില്ല. ഈ അവസ്ഥയാണ് ആദ്യം മാറ്റേണ്ടതെന്നാണ് ജീവനക്കാരുടെ യോഗത്തില്‍ എം.ഡി. ആവശ്യപ്പെട്ടത്. കറന്‍സി മാറ്റവും, കടവും കെ.എസ്.ആര്‍.ടി.സിയെ പിന്നോട്ടടിക്കുമ്പോള്‍ ജീവനക്കാര്‍ ഒരുമിച്ചു പരിശ്രമിച്ചാല്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്നും എം.ഡി പറയുന്നു. ജീവനക്കാരുടെ സംഘടനകളും വകുപ്പു മന്ത്രിയും എം.ഡി.യുടെ നിര്‍ദേശങ്ങളെ അംഗീകരിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."