മീനാക്ഷിയുടെ ജീവിതം ഇനി ഫൈസലിന്റെ മക്കള്‍ക്കുവേണ്ടി
തിരൂരങ്ങാടി: ''ഞാന്‍ മരിച്ചാല്‍ അമ്മ എന്റെ മക്കള്‍ക്കുവേണ്ടി ജീവിക്കണം. ആര്‍ക്കും വിട്ടുകൊടുക്കാതെ എന്റെവിശ്വാസപ്രകാരം അവരെ വളര്‍ത്തണം'' മാതാവ് മീനാക്ഷിക്കിനി നിറവേറ്റാന്‍ ഫൈസലിന്റെ ആ വാക്കുകള്‍ മാത്രമേയുള്ളൂ. മകന്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തുമ്പോഴും അവന്റെ പ്രാണന്‍ അരിഞ്ഞുതള്ളാന്‍ സ്വന്തം ചോര തന്നെ കൂട്ടുനിന്നതിന്റെ ആഘാതത്തിലാണ് അവര്‍. ഉണ്ണി(അനില്‍കുമാര്‍)യടക്കം മൂന്നു മക്കളെയാണ് ഈ മാതാവ് നൊന്തുപെറ്റത്. ആണ്‍ തരിയായ ഉണ്ണിയായിരുന്നു ഈ കുടുംബത്തിന്റെ വെളിച്ചവും ആശ്രയവും. ''നാലാംക്ലാസ് വരെ പഠിച്ചു. ഏറെക്കാലം ഓട്ടോ ഓടിച്ചും, മറ്റുജോലികള്‍ ചെയ്തും അവന്‍ കുടുംബംപുലര്‍ത്തി. അഞ്ചുവര്‍ഷം മുന്‍പ് സഊദിയിലേക്ക് വിസ ലഭിച്ചതോടെയാണ് കുടുംബം പച്ചപിടിച്ചത്'' വേദനയോടെ മീനാക്ഷി ഓര്‍ത്തെടുക്കുന്നു.
അതിനിടെ ഒരുതവണ നാട്ടില്‍ വന്നുപോയി. ഒരു വര്‍ഷംമുന്‍പ് വീട്ടിലേക്ക് വിളിച്ചിരുന്നു. ഇസ്‌ലാം മതത്തെക്കുറിച്ച് നന്നായി പഠിച്ചെന്നും അത് സ്വീകരിക്കാന്‍ താല്‍പര്യമുണ്ടെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ''മകന് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ തടസ്സമാവില്ല''. പിതാവ് അനന്തകൃഷ്ണന്‍ നായര്‍ക്കും മറിച്ചൊരഭിപ്രായമില്ല. അവന്റെ ഇഷ്ടമായിരുന്നു എല്ലാവരുടെയും ഇഷ്ടം. അങ്ങനെയാണവന്‍ ഇസ്‌ലാംമതം സ്വീകരിച്ചതെന്ന് മീനാക്ഷി പറയുന്നു.
സബിതയും, കവിതയും കൂടപ്പിറപ്പുകള്‍ മാത്രമല്ല കൂട്ടുകാര്‍ കൂടിയായിരുന്നു. പരസ്പരം സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍. മതംമാറിയെങ്കിലും ദിവസവും അവന്റെ ഫോണ്‍ കോളുകളായിരുന്നു കുടുംബത്തിന്റെ ആശ്വാസം. ഒരുദിവസം വിളിക്കാന്‍ വൈകിയാല്‍ എല്ലാവരുടെയും നെഞ്ചിടിപ്പ് വര്‍ധിക്കും. ഇക്കഴിഞ്ഞ ബലിപെരുന്നാളിനും അമ്മയ്ക്കും, അച്ഛനും, സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെല്ലാം വസ്ത്രം വാങ്ങിച്ചിരുന്നുവെന്ന് തേങ്ങലടക്കിക്കൊണ്ട് മീനാക്ഷി പറഞ്ഞു.
കടംവാങ്ങിയിട്ടായാലും സഹോദരിമാരുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കുക പതിവായിരുന്നു. ഒരു വീട് അവന്റെ സ്വപ്നമായിരുന്നു.''മരണം വരെ അമ്മ എന്റെ കൂടെവേണം. അമ്മയുടെ പേരില്‍ സ്ഥലം വാങ്ങി വീടുനിര്‍മിച്ച് ആവീട്ടിലേക്ക് അമ്മയെ കൊണ്ടുപോകും'' ഫൈസലിന്റെ വാക്കുകള്‍ ഇപ്പോഴും ആ മാതാവിന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. മരിക്കുന്നതിന്റെ തലേദിവസവും കുടുംബവീടുകള്‍ സന്ദര്‍ശിച്ചിരുന്നു. കളിയും ചിരിയുമായി രാത്രി വൈകിയാണ് അവന്റെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് സബിതയും, കവിതയും മടങ്ങിയത്. നാട്ടില്‍ അവന് ശത്രുക്കളില്ലായിരുന്നു. മതം മാറിയതുമുതല്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അവന്റെ ബദ്ധവൈരികളായി മാറി. സഹോദരി ഭര്‍ത്താവായ വിനോദ് പോലും. വിനോദ് ഫൈസലിന് സഹോദരി ഭര്‍ത്താവ് മാത്രമല്ല. അമ്മാവന്റെ മകന്‍ കൂടിയാണ്. എന്നിട്ടും അവന്‍...മീനാക്ഷി പറഞ്ഞുമുഴുമിപ്പിക്കാതെ നിര്‍ത്തി.
''ഇക്കാലംവരെ അവന്‍ ഞങ്ങള്‍ക്കുവേണ്ടി ജീവിച്ചു. ഇനി അവന്റെ മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഞങ്ങള്‍ക്കിടയിലെ ദൈവങ്ങള്‍ രണ്ടാണെങ്കിലും രക്തം ഒന്നുതന്നെയാണ്. മനുഷ്യന്റെ രക്തം''. തിരുത്തിയില്‍ സഹോദരന്റെ വീട്ടിലിരുന്ന് പേരമക്കളെ ചേര്‍ത്ത് പിടിച്ച് മീനാക്ഷി തീര്‍ത്തു പറഞ്ഞു. ''ഇല്ല നിങ്ങളെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."