ആര്‍.ടി.ജി.എസ് സംവിധാനത്തിലൂടെ സഹകരണബാങ്കിലെ പണം ന്യൂജെന്‍ ബാങ്കുകളിലേക്ക്
കോഴിക്കോട്: സഹകരണ മേഖലയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം ന്യൂജെന്‍ ബാങ്കുകളിലേക്ക് ഒഴുകുന്നു. ഇടപാടുകാരല്ലാത്തവരുടെ അക്കൗണ്ടിലേക്കും പണം അയക്കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കഴിയുന്ന ആര്‍.ടി.ജി.എസ് സംവിധാനത്തിലൂടെ ന്യൂജെന്‍ ബാങ്കുകളുടെ അക്കൗണ്ടിലേയ്ക്ക് ഒരാഴ്ചക്കിടെ 20 കോടിക്കടുത്ത നിക്ഷേപമാണ് മാറ്റിയത്. പ്രാഥമിക സഹകരണ സംഘങ്ങളാണ് നിക്ഷേപതുക ന്യൂജെന്‍ ബാങ്കുകളിലേയ്ക്ക് മാറ്റിയിരിക്കുന്നത്.
പഴയ 500,1000 രൂപയുടെ കറന്‍സികള്‍ നിക്ഷേപമായി സ്വീകരിക്കുകയോ പുതിയ കറന്‍സികള്‍ ലഭിക്കുകയോ ചെയ്യാതിരുന്നതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് സഹകരണ ബാങ്കുകള്‍ പുതുവഴി തേടിയത്.
സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 80 ശതമാനവും ജില്ലാ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളില്‍ നിന്നും ആര്‍.ടി.ജി.എസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സൗകര്യം ഉപയോഗിച്ചാണ് നിക്ഷേപം പിന്‍വലിച്ച് ഈ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതും.
ആക്‌സിസ്,എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകളിലേയ്ക്കാണ് നിക്ഷേപത്തിന്റെ ഒഴുക്ക്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപം ഇത്തരം ബാങ്കുകളില്‍ എത്താനാണ് സാധ്യത. കാസര്‍കോട് ജില്ലയിലെ ചില സഹകരണ ബാങ്കുകള്‍ കര്‍ണാടകത്തിലെ ചില ന്യൂജെന്‍ ബാങ്കുകളിലേയ്ക്കും നിക്ഷേപം മാറ്റിയിട്ടുണ്ട്.
നിക്ഷേപം വന്‍തോതില്‍ എത്തിയതോടെ പ്രാഥമിക പ്രവര്‍ത്തനത്തിനുള്ള തുക പല പുതുതലമുറ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. പല സഹകരണ ബാങ്കുകളുടെയും അക്കൗണ്ടുകളിലേയ്ക്ക് 10 മുതല്‍ 15 ലക്ഷം വരെ നല്‍കിയിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് പ്രാഥമിക ബാങ്കുകള്‍ക്ക് ഇടപാടുകാരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞേക്കും.
സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ 62,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ വായ്പയിനത്തില്‍ നല്‍കിയിരിക്കുന്ന 33,000 കോടി രൂപ മാറ്റി നിര്‍ത്തിയാല്‍ വരുന്ന 30,000 കോടിയില്‍ 80 ശതമാനവുമുള്ളത് ജില്ലാ സഹകരണ ബാങ്കുകളിലാണ്.
ന്യൂജെന്‍ ബാങ്കുകളില്‍ നിന്നും പണം കിട്ടി തുടങ്ങിയാല്‍ പ്രഥമിക ബാങ്കുകള്‍ക്ക് ഉടന്‍ സാധാരണ നിലയിലേയ്ക്ക് എത്താനാകുമെങ്കിലും ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകും. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധു നോട്ടുകള്‍ സ്വീകരിക്കാനോ മാറ്റികെടുക്കാനോ അനുവാദം നല്‍കിയിട്ടില്ല. നിക്ഷേപ തുകയില്‍ വലിയ പങ്കും പ്രാഥമിക ബാങ്കുകള്‍ ആര്‍.ടി.ജി.എസ് സംവിധാനത്തിലൂടെ മാറ്റാനുള്ള ശ്രമവും ആരംഭിച്ചതോടെ ജില്ലാ സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.
എന്താണ് ആര്‍.ടി.ജി.എസ്
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നാണ് ആര്‍.ടി.ജി.എസിന്റെ പൂര്‍ണരൂപം. ഇലക്‌ട്രോണിക് രീതിയില്‍ പണം കൈമാറാന്‍ ഏറ്റവും വേഗതയേറിയ മാര്‍ഗമാണിത്. ഏറ്റവും കുറവ് രണ്ടു ലക്ഷം രൂപയാണ് കൈമാറാന്‍ കഴിയുക. കൂടുതല്‍ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
ഗ്രാമപ്രദേശങ്ങളിലുള്ള സഹകരണ ബാങ്കുകള്‍ക്ക് ഇന്ത്യയിലെവിടെയുമുള്ള മറ്റൊരു ബാങ്കിനു കീഴിലുള്ള അക്കൗണ്ട് ഉടമയ്ക്ക് പണം അയക്കാന്‍ ഇതുവഴി കഴിയും. ഈ സഹകരണ ബാങ്കിന് ഏതെങ്കിലും ന്യൂജെന്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. ഈ അക്കൗണ്ടിലേക്കാണ് ആര്‍.ടി.ജി.എസ് സംവിധാനത്തിലൂടെ ജില്ലാ ബാങ്കിലുള്ള തങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് പ്രാഥമിക സഹകരണ ബാങ്കുകള്‍ തുക മാറ്റുക. ഈ പണം തങ്ങളുടെ അക്കൗണ്ടിലൂടെ ന്യൂജെന്‍ ബാങ്കുകള്‍ ഇടപാടുകാരന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."