വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം വഴിമുട്ടി; ശാസ്ത്രീയ തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലിസ്
തൃശൂര്‍: നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ പി.എന്‍ ജയന്തനും കൂട്ടാളികളും ചേര്‍ന്ന് തന്നെ മാനഭംഗ പ്പെടുത്തിയെന്ന മിണാലൂര്‍ സ്വദേശിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പൊലിസ് അന്വേഷണം വഴിമുട്ടി.
ജയന്തനടക്കമുള്ള കുറ്റാരോപിതരെ പിടികൂടി ചോദ്യം ചെയ്യാനാകാത്തതാണ് അന്വേഷണം മുടങ്ങാന്‍ കാരണം. രാഷ്ട്രീയ സമ്മര്‍ദമാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് തടസമാകുന്നത്. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചെങ്കിലും യുവതിയില്‍ നിന്നു മാത്രമാണ് പൊലിസ് തെളിവെടുത്തത്. രണ്ട് കൊല്ലം മുന്‍പു നടന്ന സംഭവത്തില്‍ യുവതിയെ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെത്തിച്ച് പരിശോധന നടത്തി തെളിവ് ശേഖരിക്കാനുള്ള വിചിത്ര ശ്രമവും പൊലിസ് നടത്തി.
മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ജയന്തനെതിരേ കേസെടുക്കാന്‍ ആവശ്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല, പീഡനത്തിനിരയാക്കിയ സ്ഥലവും വീടും അന്വേഷണ സംഘത്തിന് കാണിച്ച് കൊടുക്കാന്‍ യുവതിക്ക് കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തൃശൂര്‍ തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപമുള്ള പണി പൂര്‍ത്തിയാക്കാത്ത കോണ്‍ക്രീറ്റ് വീട്ടില്‍വച്ചാണ് മാനഭംഗം നടന്നതെന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞുള്ള തെളിവെടുപ്പില്‍ അങ്ങനെയൊരു വീട് കണ്ടെത്തുക പ്രയാസമായി.
പീഡിപ്പിച്ച തിയതിയെകുറിച്ചും യുവതി വ്യക്തമായ മറുപടി നല്‍കിയില്ല. 2014 ഏപ്രിലിന് ശേഷമുള്ള ഒരു ദിവസം എന്നാണ് യുവതി മൊഴി നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തന്റെ പരാതി സത്യമാണെന്ന് തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന യുവതിയുടെ ആവശ്യം ഇതുവരേയും പരിഗണിച്ചിട്ടില്ല. യുവതിയില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം കാര്യമായ പുരോഗതിയൊന്നും കേസില്‍ ഇതുവരെയുണ്ടായിട്ടില്ല. ഗൈനക്കോളജി ഡോക്ടറുടെ റിപ്പോര്‍ട്ടിന്റേയും മറ്റും അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."