സഹകരണത്തെ ചൊല്ലി ബി.ജെ.പിയിലും കലഹം
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്ക് ഇളവുകള്‍ നല്‍കരുതെന്നും ആര്‍.ബി.ഐ ചട്ടങ്ങള്‍ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയെ കണ്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം രംഗത്ത്.
ബി.ജെ.പിയുടെ കീഴിലുള്ള സര്‍വീസ് സഹകരണ ബാങ്കുകളുടെ ഭരണ നേതൃത്വത്തിലുള്ളവരാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്നത്. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ പ്രമുഖ നേതാക്കളെ വിളിച്ച് ഇവര്‍ പ്രതിഷേധം അറിയിച്ചു.
സംസ്ഥാനത്ത് ബി.ജെ.പി യുടെ കീഴില്‍ 49 സര്‍വീസ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക സംഘങ്ങള്‍ വേറെയുമുണ്ട്. ഇവിടങ്ങളിലായി 1,222 കോടിയുടെ നിക്ഷേപമാണുള്ളത്. സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഈ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നേതൃത്വം ഇറങ്ങിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കി സഹകരണ സ്ഥാപനങ്ങള്‍ പൂട്ടണമെന്നാണോ പാര്‍ട്ടിയുടെ നിലപാടെന്നും ഇവര്‍ നേതൃത്വത്തോട് ചോദിക്കുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന 14 സഹകരണ ബാങ്കുളാണ് കാസര്‍കോഡ് ജില്ലയില്‍ മാത്രം ബി.ജെ.പിക്കുള്ളത്. കണ്ണൂര്‍ ജില്ലയില്‍ എട്ടു ബാങ്കുകളും, തിരുവനന്തപുരം ജില്ലയില്‍ ആറും, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ ഓരോന്നും ബി.ജെ.പി നേതൃത്വത്തിനു കീഴിലുണ്ട്.
നിക്ഷേപങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് തിരുവനനന്തപുരത്താണ്- 560 കോടി. ഏറ്റവും കുറവ് വയനാട്ടിലാണ് - 142 കോടി. ഇവിടെ ബാങ്ക് ഡയറക്ടര്‍മാരും പ്രവര്‍ത്തകരും വന്‍കിട കച്ചവടക്കാരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ബാങ്കുകളുള്ള എല്ലാ ജില്ലകളിലും വിവിധ സൊസൈറ്റികളും ബി.ജെ.പിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ മേഖലയിലെ പ്രതിസന്ധി തങ്ങള്‍ക്കും ബാധിച്ചിട്ടുണ്ടെന്നും പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നിക്ഷേപങ്ങള്‍ എല്ലാം മടക്കി കൊടുക്കേണ്ടി വരുമെന്നാണ് ഈ ബാങ്കുകളൂടെ നേതൃത്വത്തിലിരിക്കുന്നവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതിനിടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണം ഉണ്ടെന്ന് മറുപക്ഷം ആരോപിക്കുന്നുണ്ട്. ബാങ്കുകളില്‍ ആദായനികുതി വകുപ്പ് കയറുന്നതിനു മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നാണ് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം കുമ്മനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."