കേരളം: ആത്മവിമര്‍ശനം അനിവാര്യമാണ്
നമ്മുടെ സംസ്ഥാനം വജ്രജൂബിലി ആഘോഷിക്കുകയാണ്. പിന്നിട്ട വഴിത്താരയില്‍ ഒരെത്തിനോട്ടം നടത്തുന്ന ആര്‍ക്കും നമ്മുടെ സംസ്ഥാനം പൂര്‍ണമായും തൃപ്തികരമായി മുന്നോട്ടുപോയെന്ന് അവകാശപ്പെടാനാവില്ല. 60-ാം പിറന്നാളുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകളും വിലയിരുത്തലുകളും വിമര്‍ശനങ്ങളും നടന്നുകഴിഞ്ഞു.
രാഷ്ട്രീയനിലപാടുകള്‍ക്കനുസരിച്ച് അന്യോന്യം ചളിവാരിയെറിയലും കുറ്റപ്പെടുത്തലുകളും നടത്തി എന്നതിനപ്പുറം അടിസ്ഥാനപരമായ വിലയിരുത്തലിന് ആരും മുന്നോട്ടുവരുന്നില്ല എന്നതാണു ദുഃഖസത്യം. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെയുള്ള വിലയിരുത്തലുകള്‍ക്കപ്പുറം നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും പൊതുസമൂഹം വിലയിരുത്തി പോരായ്മകള്‍ നീക്കി മുന്നോട്ടുപോകുകയാണുവേണ്ടത്.
സാമൂഹികവും വികസനപരവുമായ മേഖലകളില്‍ ലക്ഷ്യത്തിനനുസരിച്ചു നേട്ടമുണ്ടാക്കി കേരളം മുന്നോട്ടുപോയ ചരിത്രം നമുക്ക് അന്യമാണ്. കാര്‍ഷികരംഗം മുതല്‍ കായികരംഗംവരെ സമസ്തമേഖലകളിലും നമ്മുടെ ഗ്രാഫ് താഴോട്ടാണ്. കൃഷി, വ്യവസായം, നാണ്യവിളകളുടെയും സമുദ്രസമ്പത്തിന്റെയും വിപണനമേഖലകള്‍ എന്നിവയിലൊക്കെ 1960 കളെ അപേക്ഷിച്ചു കേരളം മുന്നോട്ടുപോയെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ല. സാമൂഹ്യമണ്ഡലത്തില്‍ കേരളം ആഹ്ലാദകരമായ അന്തരീക്ഷത്തിലൂടെയല്ല കടന്നുപോകുന്നത്. ക്രൈംനിരക്ക്, ആത്മഹത്യാനിരക്ക്, സ്ത്രീകള്‍ക്കെതിരായ അതിക്രമ നിരക്ക്, മദ്യത്തിന്റെ ഉപഭോഗനിരക്ക് എന്നീ രംഗങ്ങളിലെല്ലാം കേരളത്തിന്റെ സ്ഥിതി പരിതാപകരമാംവിധം അപകടമേഖലകളാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാമൂഹിക നവോത്ഥാനരംഗത്ത് അനാചാരങ്ങളും ഉച്ചനീചത്വങ്ങളും അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന സ്ഥിതി കുറെയൊക്കെ മാറാനും ഗുണപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. വിവിധമതവിഭാഗങ്ങളോടു ബന്ധപ്പെട്ട ആത്മീയ ഉണര്‍വാണ് യഥാര്‍ഥത്തില്‍ ഈ രംഗത്തു മതപരമായ മാറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളത്. രാഷ്ട്രീയ തത്വശാസ്ത്രങ്ങളുടെ മികവ് ഇക്കാര്യത്തില്‍ കുറച്ചുകാണാനാവില്ലെങ്കിലും കൂടുതല്‍ സംഭാവന ധാര്‍മിക- ആത്മീയ മേഖലകളുടേതാണ്. ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ആധ്യാത്മിക നേതാക്കന്മാരുടെയും പ്രസ്ഥാനങ്ങളുടെയും ഗുണപരമായ പങ്ക് മലയാളി സമാജ-വ്യക്തി സൃഷ്ടികളിലാവോളമുണ്ട്.
ജനങ്ങളുടെ അടിസ്ഥാനവികസനത്തിന്റെ അളവുകോലായി പൊതുവേ കണക്കാക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭക്ഷണകാര്യം, പാര്‍പ്പിടം, അത്യാവശ്യം ജീവിത സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ ജനങ്ങള്‍ക്കും അത്യാവശ്യം വേണ്ട വികസനമുണ്ടാകുമ്പോഴാണ്. ഈ രംഗങ്ങളില്‍ കേരളം മുന്നോട്ടുപോയിട്ടുണ്ടെന്നതില്‍ നമുക്കഭിമാനിക്കാം.
1970 കാലഘട്ടത്തില്‍ മലയാളിയുവാക്കള്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ അന്യനാടുകളിലേക്ക് പോയതോടുകൂടിയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പച്ചപിടിച്ചു തുടങ്ങിയത്. ഇതിനപ്പുറം എന്ത് നേട്ടമാണ് കേരളത്തിന്റെ വികസനകാര്യത്തിലുണ്ടായിട്ടുള്ളത്. ഗള്‍ഫ് പണം എന്ന പ്രവാസികളുടെ സമ്പാദ്യത്തെ ഒരു നിലയ്ക്കും കേരളം കുറച്ചുകണ്ടുകൂടാ. കാര്‍ഷിക വ്യാവസായിക കയറ്റുമതി മേഖലകളില്‍ പിന്നോട്ടുപോയ ചരിത്രമുള്ള നമ്മുടെ നാടിനെ യഥാര്‍ഥത്തില്‍ ഇപ്പോഴും താങ്ങിനിര്‍ത്തുന്നത് പുറം നാടുകളില്‍നിന്ന് വരുന്ന പണമാണ്.
ആരോഗ്യമേഖലയില്‍ കഴിഞ്ഞ നൂറ്റാണ്ട് ലോകമെമ്പാടും അവകാശപ്പെട്ടത് ശാസ്ത്രം സാംക്രമികരോഗങ്ങളെ കീഴടക്കിയെന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇല്ലാതാക്കിയെന്നവകാശപ്പെടുന്ന അത്തരം രോഗങ്ങളെല്ലാം വര്‍ധിത വീര്യത്തോടെ തിരിച്ചുവരുന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ ഭൗതിക വളര്‍ച്ചയ്‌ക്കൊപ്പം ആത്മീയതയിലൂന്നിയ വികാസം കൂടി വേണമെന്ന ചരിത്രസത്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പകര്‍ച്ചപ്പനി തൊട്ട് പട്ടിപ്പേടി വരെ കേരളത്തെ വലയ്ക്കുകയാണ്. കേരം തിങ്ങും കേരളത്തിന് കേര വിപണിയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
പ്രവാസികള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടം കൂടിയാണിത്. കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ 75 വയസിനടുത്താണ്. ദേശീയതലത്തില്‍ 66 വയസാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം. നഗരഗ്രാമവ്യത്യാസം കൂടാതെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം അനുദിനം വര്‍ധിക്കുന്ന നാടാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യ പ്രശ്‌നങ്ങളെ അതിജീവിക്കാനാകാതെ അന്തംവിട്ട് നില്‍ക്കുകയാണ്.
സംസ്ഥാന രൂപീകരണ സമയത്ത് കാര്‍ഷികരംഗത്ത് പല ഉല്‍പന്നങ്ങളുടെ കാര്യത്തിലും കേരളം സ്വയം പര്യാപ്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ പഴവര്‍ഗങ്ങള്‍ പച്ചക്കറി തുടങ്ങി എല്ലാ അവശ്യസാധനങ്ങള്‍ക്കും വലിയൊരളവോളം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവുമൊഴികെ ജീവിക്കാനാവശ്യമായ മറ്റെല്ലാ സാധനങ്ങള്‍ക്കും പുറംലോകത്തെ ആശ്രയിക്കുന്ന ഒരു സംസ്ഥാനത്തിന് എങ്ങനെ 60-ാം പിറന്നാളില്‍ നേട്ടമുള്ള സംസ്ഥാനമെന്നവകാശപ്പെടാനാകും?
വിവിധ മതജാതി വിഭാഗങ്ങള്‍ തമ്മില്‍ പൊതുവില്‍ സംഘര്‍ഷം കുറവുള്ള നാടാണ് കേരളം. മതസൗഹാര്‍ദത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ജനതയാണിവിടെയുള്ളത്. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടിയ നാട് കേരളമാണ്. പ്രശസ്ത അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ആയ ഫോബ്‌സ് ഇന്ത്യ മാഗസിന്റെ വിലയിരുത്തലില്‍ ഇന്ത്യന്‍ ആത്മീയത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിച്ചുവരുന്ന ഒരു ആത്മീയ മാര്‍ക്കറ്റ് സൃഷ്ടിച്ചതായി പറയുന്നുണ്ട്. കേരളം ഈ ആക്ഷേപത്തിന്നപവാദമല്ല. ധര്‍മവും നീതിയും ഈശ്വരഭയവും സാംശീകരിച്ചിട്ടുള്ള ഒരു സമര്‍പ്പിത സമൂഹമായി നമുക്ക് മാറാന്‍ കഴിയണം. ടൈംസ് ഓഫ് ഇന്ത്യയും ഫോബ്‌സ് മാഗസിനുമൊക്കെ പ്രചരിപ്പിക്കുന്നതുപോലെ ആത്മീയതയെ ഒരു ഇന്‍ഡസ്ട്രിയായി മാറുന്ന നാടുകളുടെ പട്ടികയില്‍ കേരളം ഒരിക്കലും ഇടം പിടിച്ചുകൂടാ.
രാഷ്ട്രപതിയായിരുന്ന ഡോ. അബ്ദുല്‍ കലാം കേരളത്തില്‍ ജീവിച്ച് അനുഭവ സമ്പത്തുള്ള ആളായിരുന്നു. ഔദ്യോഗികമായി കേരള നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് കേരള വികസനത്തിനായി മുന്നോട്ടു വച്ച നിര്‍ദേശങ്ങളില്‍ ഒന്നുപോലും ഇവിടെ നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ അതിപ്രസരത്തിലൂന്നിയ നിലപാടുകള്‍ കേരള വികസനത്തിന് തടസ്സമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.പക്ഷേ അതൊക്കെ വാര്‍ത്താപ്രാധാന്യം നേടിയെങ്കിലും'വഞ്ചി ഇപ്പോഴും തിരുനക്കരെ' തന്നെയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."