സ്വയം അസാധു ആവുന്നവര്‍
വെടിയുണ്ടയ്ക്കു മുന്‍പിന്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്നവനാവണം യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന്‍. ആശയംകൊണ്ടും ആയുധംകൊണ്ടും ആക്രമിക്കപ്പെടുമ്പോള്‍ അക്ഷോഭ്യനായി അത് നേരിടാന്‍ അയാള്‍ക്ക് ചങ്കുറപ്പുണ്ടായിരിക്കണം. പ്രതിസന്ധികളും വെല്ലുവിളികളും പൊതുപ്രവര്‍ത്തകന്റെ നിത്യസഹചാരിയാണ്. അധികാരസ്ഥാനങ്ങള്‍ വരും; വന്നപോലെ പോവും. പക്ഷേ, പദവി നഷ്ടത്തില്‍ അയാള്‍ ഒരിക്കലും ഹതാശനായിക്കൂടാ.
പണ്ട് ചില യുവ നമ്പൂതിരിമാര്‍ കമ്മ്യൂണിസ്റ്റ് ആയതുപോലെ എന്നൊരു ചിരിയുണ്ട് ഒ.വി വിജയന്. സ്ഥിതി സമത്വത്തിന്റെ ആഴവും അര്‍ഥവും മനസ്സിലാക്കാതെ ഒഴുക്കിനൊത്ത് സഞ്ചരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെത്തിയ കാമ്പും കരുത്തുമില്ലാത്ത ചിലരെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം അങ്ങനെയൊരു കാര്‍ട്ടൂണ്‍ വരച്ചത്. ഇന്നത്തെ ചില നേതാക്കളുടെ വാക്കും പ്രവൃത്തിയും നിരീക്ഷിക്കുമ്പോള്‍ വിജയന്റെ പ്രവചനസ്വഭാവമുള്ള വര ഇപ്പോഴും പ്രസക്തമാണെന്ന് ബോധ്യപ്പെടും. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെ കെറുവിച്ച് നടക്കുന്ന ഒരു ഇ.പി ജയരാജന്‍ മാത്രമല്ല നമുക്ക് മുന്‍പിലുള്ളത്. പുതുമുഖങ്ങളെ മന്ത്രിമാരാക്കാന്‍ സി.പി.ഐ തീരുമാനിച്ചപ്പോള്‍ ആ പാര്‍ട്ടിയിലെ ചില മുന്‍ മന്ത്രിമാര്‍ കാണിച്ച ക്ഷോഭവും പ്രതിഷേധവും ഈ ഇത്തിരിക്കുഞ്ഞന്മാരുടെ എണ്ണം തീരെ ചെറുതല്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു.
ഇ.പി. ജയരാജന്‍ എന്തിനാണ് ഇങ്ങനെ ചെറുതാവുന്നത് എന്ന് ഏതൊരാളും ചോദിച്ചുപോവും. ലോകം അവസാനിച്ചുപോയി എന്ന മട്ടിലാണ് കണ്ണൂരിലെ ഈ ധീരശൂരപരാക്രമി വീട്ടില്‍ കതകടച്ച് കുത്തിയിരിക്കുന്നത്. മന്ത്രിപദമില്ലെങ്കില്‍ എം.എല്‍.എ സ്ഥാനവും രാജിവച്ച് ഗൃഹസ്ഥാശ്രമത്തിന് പോവും എന്നാണത്രെ തന്റെ വിശ്വസ്തരോട് പറഞ്ഞിരിക്കുന്നത്.
ഏറെ പഴക്കമുള്ള ചരിത്രത്തിലേക്കൊന്നും നമുക്ക് പോവേണ്ട. സ്വന്തം നാട്ടുകാരനായ ഇ.കെ നായനാരെയെങ്കിലും ജയരാജന്‍ ഓര്‍ക്കുന്നത് നന്ന്. മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോഴും അപ്രതീക്ഷിതമായി തോറ്റ് (1991) പദവി നഷ്ടപ്പെട്ടപ്പോഴും ആ ചിരിയുടെ മാറ്റിന് എന്തെങ്കിലും കുറവു വന്നതായി എതിരാളികള്‍പോലും പറഞ്ഞിരുന്നില്ല.
മന്ത്രിസ്ഥാനം പോയതിലല്ല, മാധ്യമങ്ങള്‍ ഈ വിധം വളഞ്ഞിട്ട് ആക്രമിക്കുന്നത് കൊണ്ടാണോ ജയരാജന്‍ ഇങ്ങനെ പിണങ്ങി നടക്കുന്നത്. എങ്കില്‍ അദ്ദേഹം തനിക്ക് പകരം മന്ത്രിയായി ചുമതലയേറ്റ എം.എം മണിയെന്ന അടിസ്ഥാന വര്‍ഗക്കാരന്റെ അനുഭവം പഠിക്കണം. 2012 ല്‍ മണക്കാട്ടെ 'വണ്‍ ടു ത്രീ' പ്രസംഗത്തിന്റെ പേരില്‍ മണി നേരിട്ട ദുരിതങ്ങളുടെ പത്തിലൊന്നുപോലും ജയരാജന് നേരെ ഉണ്ടായിട്ടില്ലെന്ന് അപ്പോള്‍ തിരിച്ചറിയും.
" പണ്ട് ചില യുവ നമ്പൂതിരിമാര്‍ കമ്മ്യൂണിസ്റ്റ് ആയതുപോലെ എന്നൊരു ചിരിയുണ്ട് ഒ.വി വിജയന്. സ്ഥിതി സമത്വത്തിന്റെ ആഴവും അര്‍ഥവും മനസ്സിലാക്കാതെ ഒഴുക്കിനൊത്ത് സഞ്ചരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെത്തിയ കാമ്പും കരുത്തുമില്ലാത്ത ചിലരെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം അങ്ങനെയൊരു കാര്‍ട്ടൂണ്‍ വരച്ചത്. "
മാധ്യമങ്ങളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങളില്‍ തകര്‍ന്നുപോവുമായിരുന്നെങ്കില്‍ പിണറായി വിജയന്‍ എന്നൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാവുമായിരുന്നില്ല. ലാവ്്‌ലിന്‍ കേസിന്റെ പേരില്‍ അദ്ദേഹം പാര്‍ട്ടിയില്‍നിന്നും പുറത്തുനിന്നും നേരിട്ട പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളും അതിനെതിരായ അതിജീവനവും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ അടയാളപ്പെടുത്തേണ്ട പാഠങ്ങളാണ്.
ഇതിന് സമാനമായ മറ്റൊരു ആക്രമണവും അതിജീവനവും സമകാലിക കേരളം കണ്ടത് മറ്റൊരു രാഷ്ട്രീയ നേതാവിന്റെ കാര്യത്തിലാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനല്ല; കേഡര്‍ പാര്‍ട്ടി അംഗവുമല്ല. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം, പാര്‍ട്ടിയോടുള്ള കറയറ്റ കൂറ്, ഗുരുസ്ഥാനീയരുമായുള്ള ആത്മബന്ധം, അത് മാത്രമായിരുന്നു മലവെള്ളപ്പാച്ചില്‍ പോലെ ഇരമ്പിയാര്‍ത്തുവന്ന ആക്രമണങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിന് കരുത്തു നല്‍കിയത്. മറ്റാരുമായിരുന്നില്ല അത്. മുസ്്‌ലിംലീഗിലെ സാക്ഷാല്‍ പി.കെ കുഞ്ഞാലിക്കുട്ടി! 'കുഞ്ഞാലിക്കുട്ടി വധ' സ്‌പെഷ്യല്‍ പതിപ്പുകളായിരുന്നല്ലോ അന്നത്തെ ദൃശ്യ- അച്ചടി മാധ്യമങ്ങള്‍. അക്കാലത്ത് ഒരു മാധ്യമം ഇറങ്ങിയത് ദിവസം ശരാശരി 40 കുഞ്ഞാലിക്കുട്ടി വിരുദ്ധ വാര്‍ത്തകളുമായിട്ടായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി തകര്‍ന്നില്ല. പൂര്‍വാധികം ശക്തിയോടെ എന്നു പറഞ്ഞാല്‍ പോര, പൂര്‍വാധികം സ്വീകാര്യതയോടെ രാഷ്ട്രീയത്തിലും ഭരണത്തിലും അദ്ദേഹം തിരിച്ചു വന്നു. ഇന്ന് പാര്‍ട്ടിക്കും മുന്നണിക്കും അതീതമായി കുഞ്ഞാലിക്കുട്ടിയുടെ ശബ്്ദം പരിഗണിക്കപ്പെടുന്നു എന്നത് ഒരു ചെറിയ കാര്യമല്ല.
പൊതുപ്രവര്‍ത്തകര്‍ തൊട്ടാവാടികളാവരുത്. വിമര്‍ശനങ്ങള്‍ നേരിടുന്നതില്‍ മാത്രമല്ല ഉശിരുകാണിക്കേണ്ടത്. തെറ്റ് ബോധ്യമായാല്‍ അത് തിരുത്താനും അസാമാന്യമായ ഉള്‍ക്കരുത്തുണ്ടാവണം. ജയരാജന് ഇല്ലാതെ പോയത് അതാണ്. അദ്ദേഹം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. തെറ്റ് പറ്റിയെന്ന് പാര്‍ട്ടി യോഗത്തില്‍ സമ്മതിച്ച അദ്ദേഹം പിന്നീട് നിയമസഭയില്‍ എല്ലാ ചെയ്തികളും ന്യായീകരിക്കുകയായിരുന്നു. ഇപ്പോഴും തെറ്റ് പറ്റിയെന്ന് അദ്ദേഹത്തിന് ബോധ്യം വന്നിട്ടില്ല. ഇനിയൊരു പക്ഷേ, നാളെ വിജിലന്‍സ് അദ്ദേഹത്തിന് ക്ലീന്‍ ചീറ്റ് നല്‍കിയേക്കാം. എന്നാല്‍, അത് കേവലം സാങ്കേതികാര്‍ഥത്തില്‍ മാത്രമേ ശരിയാവുകയുള്ളൂ. ധാര്‍മികമായി ജയരാജന്റെ പ്രവൃത്തി തെറ്റ് തന്നെയാണ്. പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരെ മറന്ന് ബന്ധുക്കള്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ വീതംവച്ചത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
വധശ്രമത്തെ അതിജീവിച്ച് കഴുത്തില്‍ വെടിയുണ്ടയുമായി കഴിയുന്ന ജയരാജനോട് കേരളത്തിലെ പൊതുസമൂഹത്തിന് ഒരു ആദരവുണ്ട്. മുംബൈയിലെ അധോലോകത്ത് ഇതിലേറെ വെടിയുണ്ടകള്‍ ശരീരത്തില്‍ പേറി പകയോടെ ജീവിക്കുന്ന 'ഛോട്ടാ രാജ'ന്മാരോട് നമുക്ക് അത്തരം ആദരം തോന്നാറില്ല. ആ വെടിയുണ്ടയും തന്റെ കഴുത്തിലുള്ള വെടിയുണ്ടയും തമ്മിലുള്ള അന്തരം ജയരാജനെങ്കിലും തിരിച്ചറിയണം. മന്ത്രി പദവിക്കുവേണ്ടി 'ആയാറാം ഗയാറാം' കളിക്കുന്ന ഉത്തരേന്ത്യക്കാരന്റെ ചൂതാട്ടമല്ല ജനക്ഷേമ രാഷ്ട്രീയം. നഷ്ടപ്പെടലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന ആചാര്യവാക്കുകള്‍ ഏത് പ്രതിസന്ധിയിലും മുറുകെ പിടിക്കുന്നവരാവണം യഥാര്‍ഥ ജനസേവകര്‍. മതേതര മനസ്സുള്ള ഒരാളും പൊതുരംഗത്ത് നിന്ന് മാറിനിന്നുകൂടാ. കാരണം അത്രയേറെ ആസുരമാണ് ദേശരാഷ്ട്രീയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."