ഗ്ലാസുകള്‍
നമ്മുടെ നിത്യജീവിതത്തില്‍ ഗ്ലാസുകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. പുരാതന കാലത്ത് ആഭരണങ്ങള്‍ നിര്‍മിക്കാനാണ് ഗ്ലാസ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് ഉപഗ്രഹങ്ങളില്‍പ്പോലും ഗ്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സി.ഡികളിലുപയോഗിക്കുന്ന കാല്‍കോജനൈറ്റ് ഗ്ലാസ്, മൊബൈല്‍ ഫോണുകളിലുപയോഗിക്കുന്ന ഗോറില്ല ഗ്ലാസ്, ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഗൂഗിള്‍ ഗ്ലാസ് തുടങ്ങിയവയെക്കുറിച്ച് കൂട്ടുകാര്‍ക്കറിയാമല്ലോ ഗ്ലാസുകളുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.
ഗ്ലാസിലെ രസതന്ത്രം
ഗ്ലാസ് നിര്‍മാണത്തിലെ അടിസ്ഥാന ഘടകം സിലിക്കയെന്ന സിലിക്കണ്‍ ഡൈ ഓക്‌സൈഡാണ്. ശുദ്ധ രൂപത്തിലുള്ള സിലിക്കയാണ് ക്വാര്‍ട്‌സ്. ഭൂമിയുടെ ഉപരിതലത്തില്‍ ധാരാളമായിട്ടുള്ള സിലിക്കയുടെ മറ്റൊരു രൂപമാണ് മണല്‍. ഉന്നത താപനിലയില്‍ സിലിക്കയെ ഉരുക്കി ദ്രാവക രൂപത്തിലേക്ക് മാറ്റാം. എന്നാല്‍ വ്യാവസായികമായി സിലിക്ക ഉരുക്കുന്നത് മറ്റുചില പദാര്‍ഥങ്ങള്‍ക്കൂടി ചേര്‍ത്താണ്. ഇതിലൂടെ ഗ്ലാസിന്റെ ബലക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും.
മണല്‍, ക്വാര്‍ട്‌സ് തുടങ്ങിയ സിലിക്ക അടങ്ങിയ പദാര്‍ഥങ്ങള്‍ ഉന്നത ഊഷ്മാവില്‍ ചൂടാക്കി തണുപ്പിച്ചെടുത്താണ് ഗ്ലാസ് നിര്‍മിക്കുന്നത്. ഗ്ലാസില്‍ ഒളിഞ്ഞിരിക്കുന്ന ദ്രാവക സ്വഭാവം മൂലം ഗ്ലാസിനെ അമോര്‍ഫസ് സോളിഡ് എന്നു വിളിക്കാറുണ്ട്. ഗ്ലാസിനു തിളക്കം നല്‍കാന്‍ ലെഡും കടുപ്പം നല്‍കാന്‍ ബോറക്‌സും ആവശ്യമായ അളവില്‍ ചേര്‍ക്കുന്നു. ഗ്ലാസ് നിര്‍മാണത്തിലെ താപനില കുറയ്ക്കാനായി സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങിയവ ചേര്‍ക്കുന്നു.
ഗ്ലാസും പ്രകൃതിയും
ഉന്നത താപനിലയില്‍ സിലിക്ക ചൂടാക്കല്‍ പലപ്പോഴും എളുപ്പമല്ല. എന്നാല്‍ അഗ്നിപര്‍വത സ്‌ഫോടനം മൂലം സിലിക്ക ഉന്നത താപനിലയില്‍ ഉരുകി ഗ്ലാസ് രൂപത്തിലാകാറുണ്ട്. ഇതിനു പറയുന്ന പേരാണ് ഒബ്‌സിഡിയന്‍ ഗ്ലാസ്. ടെക്‌റ്റൈറ്റുകള്‍ എന്നറിയപ്പെടുന്നത് ഉല്‍ക്കാപ്പതനം വഴിയുണ്ടാകുന്ന ഗ്ലാസുകളാണ്.
ഗ്ലാസിന്റെ ചരിത്രം
പൗരാണിക കാലത്തുതന്നെ മനുഷ്യര്‍ ഗ്ലാസുപയോഗിച്ചിരുന്നു. ആഭരണമായും ആയുധമായുമാണ് ഗ്ലാസുകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ഏറ്റവും പഴക്കമുള്ള ഗ്ലാസ് ഖനനം ചെയ്‌തെടുത്തത് ഈജിപ്തില്‍ നിന്നാണ്. ഇവര്‍ നൈല്‍ നദിയിലെ എക്കല്‍ മണ്ണ് പൊതിഞ്ഞ് ഉന്നത താപനിലയില്‍ ചൂടാക്കിയെടുത്ത പാത്രങ്ങള്‍ക്ക് ഗ്ലാസുകള്‍ പോലെ തിളക്കമുണ്ടായിരുന്നു. ഫയാന്‍സ് എന്നാണ് ഇത്തരം ഗ്ലാസിന് പറഞ്ഞിരുന്ന പേര്. വ്യത്യസ്തമായ ഗ്ലാസുപകരണങ്ങളും ഗ്ലാസ് നിര്‍മാണശാലകളും പുരാതന ഈജിപ്തിലെ ടെല്‍ എല്‍ അമാര്‍നയില്‍ സുലഭമായിരുന്നുവെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
സമാനകാലത്തുതന്നെ സിറിയയിലും ഗ്ലാസ് നിര്‍മാണം വ്യാപകമായിരുന്നു. ഈജിപ്തില്‍ നിന്നു ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് ഗ്ലാസ് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെട്ടു. റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ഒരു കാലത്ത് ഈജിപ്ത്, സിറിയ, ഗ്രീസ് എന്നീ രാജ്യങ്ങള്‍. റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ഗ്ലാസ് വ്യവസായത്തിനും ശക്തമായ സ്വാധീനമുണ്ട്. റോമന്‍ ചക്രവര്‍ത്തിയായ അലക്‌സാണ്ടര്‍ സെവീറസാണ് ആദ്യമായി ഗ്ലാസിന് നികുതി ഏര്‍പ്പെടുത്തിയത്. എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ മൂന്നാം നൂറ്റാണ്ടു വരെ ഗ്ലാസ് വ്യവസായത്തില്‍ റോമന്‍ സാമ്രാജ്യം ലോകത്തെ വിസ്മയിപ്പിച്ചിരുന്നു.എ.ഡി മൂന്നാം നൂറ്റാണ്ടു തൊട്ട് ഏഴാം നൂറ്റാണ്ടു വരെ പേര്‍ഷ്യയില്‍ ശക്തമായൊരു ഗ്ലാസ് വ്യവസായം നിലനിന്നിരുന്നു. ഒന്‍പതാം നൂറ്റാണ്ടോടെ മെസപ്പൊട്ടോമിയക്കാരുടെ ഗ്ലാസുകള്‍ക്ക് ലോകമെങ്ങും വിപണികളുണ്ടായി. യുഫ്രട്ടീസ് നദിതടത്തില്‍ നിന്നും ഏഷ്യയുടെ ഭാഗമായ സിറിയയില്‍നിന്നും നാലായിരം വര്‍ഷം പഴക്കമുള്ള വൈവിധ്യമാര്‍ന്ന പുരാതന ഗ്ലാസ് ഉപകരണങ്ങള്‍ കണ്ടെത്തിട്ടുണ്ട്.
ഗ്ലാസുകളുടെ ആകൃതി വിവിധ രൂപങ്ങളിലേക്ക് മാറ്റാന്‍ സാധിച്ചത് ഗ്ലാസ് നിര്‍മാണം സിറിയയിലെത്തിയതോടുകൂടിയാണ്. ബ്ലോയിങ് പൈപ്പുകള്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രത്യേകതരം ഇരുമ്പു കുഴലുകളുപയോഗിച്ച് ഊതി വീര്‍പ്പിച്ചാണ് ഗ്ലാസുകളുടെ ആകൃതി മാറ്റിയിരുന്നത്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗ്ലാസ് നിര്‍മാണത്തില്‍ വിവിധതരം അച്ചുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളില്‍ സിറിയ അറബ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്ലാസ് ഉല്‍പ്പാദകരായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടോടെ റോമില്‍നിന്ന് നിര്‍മാണ രഹസ്യം വെനീസിലെത്തിയതോടെ ഗ്ലാസ് നിര്‍മാണം നിരവധി മാറ്റങ്ങള്‍ക്കു വിധേയമായി. ലാറ്റിസിനിയോ എന്ന ഗ്ലാസ് അലങ്കാര വിദ്യ, കണ്ണാടി എന്നിവയുടെ കണ്ടുപിടിത്തം വെനീസുകാരുടേതാണ്. വെനീസില്‍നിന്നാണ് ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് ഗ്ലാസ് നിര്‍മാണവിദ്യ കൈമാറ്റം ചെയ്യപ്പെടുന്നത്. പിന്നീട് ഇംഗ്ലണ്ടിലും ജര്‍മനിയിലും കനമുള്ള ഗ്ലാസുകള്‍ നിര്‍മിക്കുന്നതില്‍ മല്‍സരം തന്നെയുണ്ടായി. ഇരുപതാം നൂറ്റാണ്ടോടെ ഗ്ലാസ് നിര്‍മാണത്തില്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുകയും ലോകത്തിലെ വന്‍ വ്യവസായങ്ങളിലൊന്നാകുകയും ചെയ്തു. അയര്‍ലന്‍ഡുകാരനായ മെക്കല്‍ ഓവനാണ് ആദ്യമായി ഗ്ലാസ് നിര്‍മാണ യന്ത്രം നിര്‍മിച്ചത്. 1943 ലാണ് കേരളത്തില്‍ ഗ്ലാസ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്.
ഗ്ലാസ് നിര്‍മാണ രഹസ്യം
പൗരാണിക കാലത്ത് ഈജിപ്തുകാര്‍ ഗ്ലാസ് നിര്‍മിതിക്കായി ഉപയോഗപ്പെടുത്തിയിരുന്നത് മണലും ചാരവുമാണ്. ചാരത്തിലടങ്ങിയിരിക്കുന്ന പൊട്ടാഷ് ഗ്ലാസ് നിര്‍മാണത്തിന് അവശ്യഘടകമായിരുന്നു. മണലും ചാരവും ചേര്‍ത്ത് ഉരുക്കിയെടുത്ത ശേഷം കട്ടിയുള്ള പ്രതലത്തിലേക്ക് ഒഴിച്ചാണ് ഗ്ലാസ് നിര്‍മാണം നടത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കളിമണ്‍ അച്ചുകള്‍ ഉപയോഗപ്പെടുത്തി ഗ്ലാസുകള്‍ വിവിധ ആകൃതിയില്‍ നിര്‍മിച്ചു തുടങ്ങി.
ഗ്ലാസ് വിദ്യക്ക് പട്ടാളം കാവല്‍
വെനീസിലെ ഗ്ലാസുകള്‍ യൂറോപ്പിലെത്തിയതോടെ ഗ്ലാസ് നിര്‍മാണ രഹസ്യം പഠിക്കാനായി യൂറോപ്പുകാര്‍ ഒന്നടങ്കം വെനീസിലെത്തി. പക്ഷേ തങ്ങളുടെ രഹസ്യം പുറംലോകം അറിയാതിരിക്കാന്‍ അവര്‍ ഗ്ലാസ് നിര്‍മാണ ശാലകള്‍ വെനീസിന്റെ അധീനതയിലുള്ള മുറാനോ ദ്വീപിലേക്ക് പറിച്ചുനട്ടു. ഗ്ലാസ് നിര്‍മാണ വിദഗ്ധരെ പുറംലോകം കാണാതെ മാറ്റി പാര്‍പ്പിച്ചു. അവര്‍ക്ക് വന്‍ സുരക്ഷ ഒരുക്കുന്നതോടൊപ്പം ഗ്ലാസ് നിര്‍മാണ രഹസ്യം ചോര്‍ത്തുന്നവര്‍ക്ക് വധ ശിക്ഷ നല്‍കുമെന്ന നിയമം പോലുമുണ്ടാക്കി. ഇത്രയൊക്കെ ചെയ്തിട്ടും വെനീസില്‍നിന്ന് ഗ്ലാസ് നിര്‍മാണ രഹസ്യം യൂറോപ്പിലേക്ക് ചോര്‍ന്നു. വെനീസിലെ ഗ്ലാസ് വിദഗ്ധര്‍ യൂറോപ്പിലെത്തി ഗ്ലാസ് ഫാക്ടറികള്‍ സ്ഥാപിച്ചപ്പോഴായിരുന്നു ഇത്.
വിവിധ തരം ഗ്ലാസുകള്‍
ഹാര്‍ഡ് ഗ്ലാസ്
സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവ ഉപയോഗിച്ചാണ് ഹാര്‍ഡ് ഗ്ലാസ് നിര്‍മിക്കുന്നത്.
ഒപ്റ്റിക് ഗ്ലാസ്
സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്, ലെഡ് ഓക്‌സൈഡ്, സോഡിയം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്താണ് ഒപ്റ്റിക് ഗ്ലാസ് നിര്‍മിക്കുന്നത്. കണ്ണടകള്‍, ലെന്‍സുകള്‍ എന്നിവയുടെ നിര്‍മാണത്തിനായി ഇവ ഉപയോഗിക്കുന്നു. പ്രതിഫലനം കുറഞ്ഞ ലെന്‍സ് ഗ്ലാസുകളുടെ നിര്‍മാണത്തില്‍ മഗ്നീഷ്യം ഫ്‌ളൂറൈഡും ഉപയോഗപ്പെടുത്താറുണ്ട്.
സേഫ്റ്റി ഗ്ലാസും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും
വാഹനങ്ങളുടെ ചില്ലുകളില്‍ ഉപയോഗപ്പെടുത്തുന്ന ഗ്ലാസുകളാണ് സേഫ്റ്റി ഗ്ലാസ് എന്ന് അറിയപ്പെടുന്ന ടെംപേര്‍ഡ് ഗ്ലാസ്. ഒന്നിലധികം ഗ്ലാസ് പ്ലേറ്റുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് അനുബന്ധ ഷീറ്റുകള്‍വച്ചു ചൂടാക്കിയാണ് സേഫ്റ്റി ഗ്ലാസ് നിര്‍മിക്കുന്നത്. നിരവധി സേഫ്റ്റി ഗ്ലാസുകള്‍ ചേര്‍ത്തുവച്ചാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ നിര്‍മിക്കുന്നത്.
ഗ്ലാസും നിറങ്ങളും
ഗ്ലാസില്‍ നിറങ്ങളുണ്ടാക്കാന്‍ വിവിധ തരം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ചുവപ്പുനിറത്തിന് അയേണ്‍ ഓക്‌സൈഡ്, പച്ചനിറത്തിന് കോപ്പര്‍ ഓക്‌സൈഡ്, നീല നിറത്തിന് കോബോള്‍ട്ട് ഓക്‌സൈഡ്, മഞ്ഞ നിറം യുറേനിയം ഓക്‌സൈഡ്, ഓറഞ്ച് കലര്‍ന്ന ചുവപ്പിന് സില്‍വര്‍ ഹാലൈഡ്, പാല്‍ നിറത്തിന് ആന്റി മണിയും ടിന്‍ ഓക്‌സൈഡും, വയലറ്റ് നിറത്തിന് മഗ്നീഷ്യം ഓക്‌സൈഡ്, കടുംമഞ്ഞ നിറത്തിന് കാഡ്മിയം സള്‍ഫൈഡ്, ബ്രൗണ്‍ നിറത്തിന് സെറിക് ഓക്‌സൈഡ് തുടങ്ങിയ വിവിധ തരം നിറങ്ങളുപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."