പൊലിസ് ഷൂട്ടിങ്: ഉന്നം തെറ്റാതെ മെഡലുകള്‍ വീഴ്ത്തി ബി.എസ്.എഫ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചിലും ഉന്നം തെറ്റാതെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്. ദേശീയ പൊലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമാണ് ബി.എസ്.എഫിലെ ഷൂട്ടര്‍മാര്‍ വെടി വച്ചിട്ടത്. സി.ആര്‍.പി.എഫ് നാലു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവും നേടി.
ടീം വ്യക്തിഗത ഇനങ്ങളിലായി ഇന്നലെ മാത്രം ബി.എസ്.എഫ് താരങ്ങള്‍ 13 മെഡലുകള്‍ വീഴ്ത്തി. 25 മീറ്റര്‍ പിസ്റ്റള്‍ ടീം പുരുഷ, വനിത വിഭാഗത്തില്‍ ബി.എസ്.എഫ് സ്വര്‍ണം നേടി. വനിതകളുടെ 300 മീറ്റര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ ടീം ഇനത്തില്‍ പഞ്ചാബിനായിരുന്നു സ്വര്‍ണം. ഇതേ വിഭാഗം പുരുഷന്‍മാരുടെ ടീം ഇനത്തില്‍ സി.ആര്‍.പി.എഫ് സ്വര്‍ണം നേടിയപ്പോള്‍ ബി.എസ്.എഫ് വെള്ളിയും പഞ്ചാബ് വെങ്കലവും നേടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ വ്യക്തിഗത ഇനത്തില്‍ സി.ആര്‍.പി.എഫിലെ പുഷ്പാഞ്ജലി റാണ സ്വര്‍ണം നേടി. ബി.എസ്.എഫിലെ ഷൂട്ടര്‍മാരായ നീരജ് കൗര്‍ വെള്ളിയും റുബി തോമര്‍ വെങ്കലവും നേടി.
25 മീറ്റര്‍ പുരുഷന്‍മാരുടെ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ബി.എസ്.എഫ് താരങ്ങളായ വസീര്‍ സിങ് സ്വര്‍ണവും മഹേന്ദര്‍ സിങ് വെള്ളിയും നേടിയപ്പോള്‍ സി.ആര്‍.പി.എഫിലെ ദ്വാരക പ്രസാദിനാണ് വെങ്കലം. വനിതകളുടെ 300 മീറ്റര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ വ്യക്തിഗത വിഭാഗത്തില്‍ ആദ്യ രണ്ടു മെഡലുകളും പഞ്ചാബ് താരങ്ങള്‍ നേടി. ജസ്പ്രീത് കൗര്‍, രജ്‌നി എന്നിവരാണ് സ്വര്‍ണവും വെള്ളിയും നേടിയത്.
സി.ആര്‍.പി.എഫിലെ റീമ ദുബെയ്ക്കാണ് വെങ്കലം. ഇതേ വിഭാഗം പുരുഷന്‍മാരുടെ മത്സരത്തില്‍ സി.ആര്‍.പി.എഫിലെ സഫേ സ്വര്‍ണവും ആന്ധ്രയുടെ എം കൃഷ്ണ വെള്ളിയും ഹരിയാനയുടെ കരണ്‍ സിങ് വെങ്കലവും നേടി.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗം ടീം ഇനത്തില്‍ സി.ആര്‍.പി.എഫ് സ്വര്‍ണം നേടി. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ബി.എസ്.എഫിനായിരുന്നു സ്വര്‍ണം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഗുജറാത്ത് പൊലിസിലെ ലജ്ജ ഗോസ്വാമി സ്വര്‍ണം നേടി. സി.ഐ.എസ്.എഫിലെ കുഹേലി ഗാംഗുലിയ്ക്ക് വെള്ളി ലഭിച്ചപ്പോള്‍ ബി.എസ്.എഫിലെ അമന്‍ദീപ് കൗറിനാണ് വെങ്കലം.
പുരുഷന്‍മാരുടെ വിഭാഗത്തില്‍ ആദ്യ രണ്ടു മെഡലുകളും ബി.എസ്.എഫ് നേടി. ഷംഷേര്‍ സിങ് (സ്വര്‍ണം), വിംലേഷ് കുമാര്‍ (വെള്ളി) എന്നിവരാണ് ബി.എസ്.എഫിനായി മെഡല്‍ നേടിയത്. രാജസ്ഥാന്റെ ഓം പ്രകാശിനായിരുന്നു വെങ്കലം. ചാംപ്യന്‍ഷിപ്പ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."