മേളയുടെ മനം കവര്‍ന്ന് ഇവര്‍ വ്യക്തിഗത ചാംപ്യന്മാര്‍
കോഴിക്കോട്: ബാല്യ-കൗമാരങ്ങളുടെ കായിക മാമാങ്കത്തില്‍ ഉയരവും വേഗവും ദൂരവും സമയം കൊണ്ട് കീഴടക്കിയ താരങ്ങള്‍ക്കിടയില്‍ വ്യക്തിഗത ചാംപ്യന്മാരായത് എട്ടുപേര്‍. അബിത മേരി മാനുവര്‍, ലിസ്ബത്ത് കരോളിന്‍ ജോസഫ്, ലിജിന്‍ ഡൊമനിക്, അപര്‍ണ റോയ്, വിഘ്‌നേഷ് ആര്‍. നമ്പ്യാര്‍, എല്‍ഗ തോമസ്, അഭയ് കൃഷ്ണ, പി.കെ അഖില്‍ എന്നീ താരങ്ങളാണ് മേളയുടെ മനം കവര്‍ന്നത്. സീനിയര്‍ ഗേള്‍സ് വിഭാഗത്തിലാണ് പൂവമ്പായി എ.എം.എച്ച്.എസിലെ അബിത മേരി മാനുവലും പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ലിസ്ബത്ത് കരോളിന്‍ ജോസഫും ചാംപ്യന്മാരായത്. ദേശീയ സ്‌കൂള്‍ കായികമേളയില്‍ 800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് ജേതാവ് കൂടിയാണ് അബിത.
ട്രിപ്പിള്‍ ജംപ്, ഹൈജംപ്, ലോങ്ജംപ് ഇനങ്ങളില്‍ സ്വര്‍ണം നേടിയാണ് ലിസ്ബത്ത് കരോളിന്‍ ജോസഫ് നേട്ടം കൈവരിച്ചത്. റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ഹൈജംപില്‍ സ്വര്‍ണവും ലോങ്ജംപില്‍ വെള്ളിയും നേടിയിരുന്നു. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനായ ലിജിന്‍ ഡൊമനിക് കൊളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് വിദ്യാര്‍ഥിയാണ്. 1500 മീറ്ററിലും 800 മീറ്ററിലും സ്വര്‍ണവും 400ല്‍ വെള്ളിയും നേടി 13 പോയിന്റുമായാണ് ലിജിന്‍ മേളയിലെ മിന്നും താരമായത്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സെന്റ് ജോസഫ് പുല്ലൂരാംപാറയിലെ അപര്‍ണ റോയിയാണ് വ്യക്തിഗത ചാംപ്യന്‍. 100 മീറ്റര്‍ ഹര്‍ഡില്‍സിലും ലോങ്ജംപിലും 100 മീറ്ററിലും സ്വര്‍ണം നേടിയാണ് അപര്‍ണ താരമായത്. കഴിഞ്ഞ വര്‍ഷം ദേശീയ അമേച്വര്‍ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. ജാവലിന്‍ത്രോ, ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ ഇനങ്ങളിലെ നേട്ടമാണ് വിഘ്‌നേഷിന് തുണയായത്. സബ്ജൂനിയര്‍ ഗേള്‍സ് വിഭാത്തിലാണ് എ.എം.എച്ച്.എസ് പൂവമ്പായിയിലെ എല്‍ഗ തോമസ് ചാംപ്യനായത്. 100 മീറ്ററിലും 200ലും സ്വര്‍ണവും 400ല്‍ വെള്ളിയും നേടിയാണ് എല്‍ഗ നേട്ടം കൊയ്തത്. ജൂനിയര്‍ മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണവും തെലങ്കാനയില്‍ നടന്ന നാഷനല്‍ ഇന്റര്‍ ക്ലബ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും ലഭിച്ചിരുന്നു. സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തിലാണ് സെന്റ് ജോര്‍ജ് കുളത്തുവയലിലെ അഭയ് കൃഷ്ണ ചാംപ്യനായത്. 100, 600, 200 ഇനങ്ങളിലെ സ്വര്‍ണ നേട്ടമാണ് അഭയ്ക്ക് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."