തിക്കോടിയില്‍ വൈസ് പ്രസിഡന്റും രാജിവച്ചു
പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു പിന്നാലെ വൈസ് പ്രസിഡന്റും ഇന്നലെ രാജിവച്ചു. കോണ്‍ഗ്രസിലെ രമ ചെറുകുറ്റിയാണ് രാജി സെക്രട്ടറിക്ക് നല്‍കിയത്. പ്രസിഡന്റ് ജെ.ഡി.യുവിലെ എം.കെ പ്രേമന്‍ തിങ്കളാഴ്ചയാണ് രാജിവച്ചത്. അതേസമയം അടുത്ത പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. ആദ്യത്തെ ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ജെ.ഡി.യുവിന് നല്‍കാനും തുല്യസീറ്റുകള്‍ നേടിയ നേടിയ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് എന്നീ പഞ്ചായത്തുകളില്‍ ഏതെങ്കിലും ഒന്നില്‍ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയാല്‍ അടുത്ത ടേമില്‍ തിക്കോടിയില്‍ പ്രസിഡന്റ് സ്ഥാനം ലീഗിന് നല്‍കാനും യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. അടുത്ത പ്രസിഡന്റ് സ്ഥാനം ലീഗിന് നല്‍കുമെന്ന തീരുമാനം ജില്ലാ നേതൃത്വം എടുത്തിട്ടില്ലെന്നും പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്തുള്ള തീരുമാനം അംഗീകരിക്കാന്‍ പ്രയാസമാണെന്നുമാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത്. തിക്കോടി പഞ്ചായത്ത് യു.ഡി.എഫില്‍ തീരുമാനം എടുക്കാന്‍ പ്രയാസമായതിനാല്‍ ജില്ലാ കമ്മിറ്റിയും സ്‌റ്റേറ്റ് നേതൃത്വവും പ്രശ്‌നത്തില്‍ ഇടപെടേണ്ടിവരും. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും രാജി പഞ്ചായത്ത് സെക്രട്ടറി ഇലക്ഷന്‍ കമ്മിഷന് അയച്ചുകൊടുത്തിട്ടുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാവുമെന്നാണ് സൂചന. ഇലക്ഷന്‍ കമ്മിഷന്റെ വിജ്ഞാപനം വന്നാല്‍ ഏഴ് ദിവസം മുന്‍പെങ്കിലും മെമ്പര്‍മാര്‍ക്ക് നോട്ടിസ് നല്‍കേണ്ടതുണ്ട്. പുതിയ പ്രസിഡന്റ് വരുന്നതുവരെ പ്രസിഡന്റിന്റെ ചുമതല വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി. ഹനീഫ മാസ്റ്റര്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."