സ്വയംരക്ഷാ പാഠങ്ങള്‍ പഠിച്ച് കര്‍മസേന മുന്നോട്ട്
മേപ്പാടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള 18 അടവുകളും പഠിക്കാന്‍ മേപ്പാടി കുടുംബശ്രീ സി.ഡി.എസിന് കീഴിലെ കര്‍മ്മസേന രംഗത്ത്. പൊലിസിലെ വനിതാ സെല്ല് അംഗങ്ങളില്‍ നിന്നുമാണ് കര്‍മ്മസേന സ്വയം രക്ഷാമാര്‍ഗങ്ങള്‍ സ്വായത്തമാക്കുന്നത്.
പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളിലായിരുന്നു പരിശീലനം. നടന്നു പോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്ന്ന് മാല പൊട്ടിക്കുന്ന സംഘത്തെ നേരിടല്‍, ബസ് യാത്രക്കിടെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യല്‍ തുടങ്ങി 10 മുറകളാണ് ആദ്യ ഘട്ടത്തില്‍ പഠിപ്പിച്ചത്.
രണ്ടു മാസം മുമ്പാണ് മേപ്പാടി പഞ്ചായത്ത് മുന്‍കയ്യെടുത്ത് കുടുംബശ്രീക്ക് കീഴില്‍ സംസ്ഥാനത്താദ്യമായി കര്‍മ്മ സേന രൂപീകരിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പടെയുള്ള അപകടങ്ങളാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുക, കോളനി സുചീകരണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കര്‍മ്മ സേന രൂപീകരിച്ചത്.
നാല്പത് വനിതകളാണ് സേനയിലുള്ളത്. പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മിനി കുമാര്‍, വനിത സെല്‍ അംഗം ഉഷാ കുമാരി പരിശീലനത്തിന് നേതൃത്വം നല്കി. കര്‍മ്മസേന ലീഡര്‍ സലീമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."