മെഡിക്കല്‍ കോളജ് ഭൂമിയില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം
മടക്കിമല: മടക്കിമലയില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച നടപടിക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ഒരാഴ്ച്ച മുന്‍പ് കര്‍ണ്ണാടകയില്‍ നിന്ന് വന്ന മാലിന്യ ലോറി കണിയാമ്പറ്റ പച്ചിലക്കാടുവച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മാലിന്യം കല്‍പ്പറ്റ ഗവ. കോളജ് പരിസരത്തുള്ള വെള്ളാരംക്കുന്നില്‍ നിക്ഷേപിക്കാന്‍ ശ്രമം നടത്തി. ഇതും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഇടവഴിയിലൂടെ സഞ്ചരിച്ച് മെഡിക്കല്‍ കോളജ് ഭൂമിയില്‍ ജെ.സി.ബി ഉപയോഗിച്ച് രാത്രിയുടെ മറവില്‍ മാലിന്യം കുഴിച്ചുമൂടുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ തെരുവ് നായ്ക്കളും കാട്ടുപന്നികളും മാലിന്യം മാന്തി കടിച്ചുവലിച്ച് റോഡിലും ജനവാസകേന്ദ്രങ്ങളിലും കൊണ്ട്‌ചെന്നിട്ടു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെയും പൊലിസിന്റെയും ഒത്താശയോടെയാണ് മാലിന്യം നിക്ഷേപിച്ചതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മാലിന്യം കാക്കകള്‍ കൊത്തി കിണറുകളില്‍ കൊണ്ടിടുമോ എന്നാണ് നാട്ടുകാരുടെ ഭയം. പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ മാനന്തവാടി-കല്‍പ്പറ്റ സംസ്ഥാന പാത ഉപരോധിച്ചു. പിന്നീട് പൊലിസെത്തി ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ശാസ്ത്രീയമായ രീതിയിലല്ലാതെ മാലിന്യം കുഴിച്ച് മൂടിയത് മൂലം സാംക്രമിക രോഗങ്ങളടക്കം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. സംഭവത്തെ തുടര്‍ന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസ്, വെസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ രശ്മി പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി.
മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ ഭൂമിയില്‍ ഇത്തരത്തില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരേ പ്രതിഷേധിച്ച ജനപ്രതിനിധികള്‍ വിഷയം ജില്ലാ കലക്ടറുടെയും സ്ഥലം എം.എല്‍.എയുടെയും ശ്രദ്ധയില്‍പ്പെടുത്തി. മാലിന്യം നിക്ഷേപിച്ചതിനെതിരേയുള്ള പ്രതിഷേധം ഇവര്‍ ജില്ലാ ഭരണകൂടത്തെയും അറിയിച്ചു. മെഡിക്കല്‍ കോളജിന്റെ സ്ഥലം കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്നും ഇത്തരത്തിലുള്ള നടപടികള്‍ മേലില്‍ ഉണ്ടാകരുതെന്നും ഇവര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റിടങ്ങളിലെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി വയനാടിനെ ചിലര്‍ മാറ്റുന്ന പ്രവണതയെയും ഇവര്‍ കുറ്റപ്പെടുത്തി. മാലിന്യം പ്രദേശത്ത് നിന്ന് നീക്കം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായതിനാല്‍ വീണ്ടും കുഴിയെടുത്ത് ഇവിടെ തന്നെ മൂടിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് റോഡുപരോധിച്ച ഒന്‍പത് പേരെയാണ് കല്‍പ്പറ്റ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മാലിന്യനിക്ഷേപത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് പിന്തുണയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തരും രംഗത്തെത്തി. റോഡുപരോധത്തിനും ഇവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."