അപകട ഭീതിയില്‍ കുരുന്നുകള്‍
ചൊക്ലി: രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത അങ്കണവാടി കെട്ടിടത്തിന്റെ വാതില്‍ കട്ടിലകള്‍ തകര്‍ന്നു.
പാനൂര്‍ നഗരസഭയില്‍ അണിയാരം താഴെപുരയിലെ അങ്കണവാടിയുടെ വാതില്‍ കട്ടിലകള്‍ തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതു നവീകരിക്കാന്‍ അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. നിലവില്‍ വാതില്‍ കട്ടില കുട്ടികളുടെ ദേഹത്തു വീഴുമെന്ന ഭീതിയാല്‍ കയറിട്ടു കെട്ടിയിട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് എട്ടു ലക്ഷം രൂപയോളം ചിലവഴിച്ചു പെരിങ്ങളം പഞ്ചായത്താണ് ഈ കെട്ടിടം നിര്‍മിച്ചത്. അന്നത്തെ കൃഷിമന്ത്രി കെപി
മോഹനനായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
എന്നാല്‍ രണ്ടു വര്‍ഷം കൊണ്ടു തന്നെ വാതില്‍ കട്ടിലകള്‍ ദ്രവിക്കുകയും മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ താഴ്ന്നു പോകുകയും ചെയ്ത നിലയിലാണുള്ളത്. പെട്ടെന്നു നശിച്ചുപോകുന്ന മരങ്ങള്‍ ഉപയോഗിച്ച് തികച്ചും അശാസ്ത്രിയമായ രീതിയിലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഫണ്ടു മുഴുവനായും നിര്‍മാണത്തിനു
വിനിയോഗിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഈ അങ്കണവാടിയില്‍ മക്കളെ അയക്കുന്നത് ഇവിടെയുള്ള ജിവനക്കാരിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.
അങ്കണവാടി കെട്ടിടത്തിന്റെ അവസ്ഥ മോശമായതിനാല്‍ നിരവധി മാതാപിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയക്കുന്നത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ വാര്‍ഡ് കൗണ്‍സിലറുടെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കരാറുക്കാരനെതിരെ നടപടികള്‍ എടുക്കാനോ കട്ടില മാറ്റി സ്ഥാപിക്കാനോ
അധികൃതര്‍ തയാറാകാത്തതില്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."