ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി
കണ്ണൂര്‍: കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ബസുകള്‍ രാത്രി കാലങ്ങളിലും ഞായറാഴ്ചകളിലും അനധികൃതമായി ട്രിപ് മുടക്കുന്നത് തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ബസുടമകളുടെ സംഘടനകളെയും മോട്ടോര്‍ വാഹനവകുപ്പ്, പോലിസ് ഉദ്യോഗസ്ഥരുടെയും യോഗം മുന്നറിയിപ്പ് നല്കി. താലൂക്ക് വികസന സമിതി യോഗത്തിലുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ബസുടമകളുടെ യോഗം വിളിച്ചുചേര്‍ത്തത്. ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ട്രിപ്പുകള്‍ മുടക്കുന്നത് ശരിയല്ലെന്ന് താലൂക്ക് വികസനസമിതി അംഗം സി.എച്ച് ബാലകൃഷ്ണന് പറഞ്ഞു. ബസ് റൂട്ടുകളില്‍ സ്റ്റോപുകളിലും ജങ്ഷനുകളിലും നിന്ന് ആളുകളെയെടുത്ത് സമാന്തര സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ വ്യക്തമാക്കി. റൂട്ടുകളില്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുന്നറിയിപ്പ് നല്കി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന് അധ്യക്ഷനായി. ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ചെയര്മാന് വി.ജെ സെബാസ്റ്റിയന്, ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് രാജ്കുമാര്, ചെറുകിട ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.വി വല്സലന്, കെ ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."