സദാചാര പൊലിസ് ചമഞ്ഞു മര്‍ദനം: സി.പി.എം പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
ബദിയടുക്ക: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരിയെയും സഹോദരനെയും തടഞ്ഞു നിര്‍ത്തി സദാചാര പൊലിസ് ചമഞ്ഞു മര്‍ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ചു സി.പി.എം പ്രവര്‍ത്തകര്‍ ബദിയടുക്ക പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥ, സഹോദരി എന്നിവരെ ഒരു സംഘം ആളുകള്‍ ബാറടുക്കയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി നല്‍കിയിരുന്നു.
പരാതിയില്‍ രൂപേഷ്, മിഥുന് എന്നിവര്‍ക്കെതിരേ ബദിയടുക്ക പൊലിസ് ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തെങ്കിലും അറസ്റ്റു ചെയ്തിരുന്നില്ല. പ്രതികളെ ബദിയടുക്ക സര്‍ക്കിളിലെ ഒരു കടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇന്നലെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ കടയ്ക്കുമുന്നില്‍ സംഘടിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനെതിരേ രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സംഘര്‍ഷം പടരാതിരിക്കാന്‍ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് ആള്‍ക്കൂട്ടത്തെ ലാത്തി വീശി വിരട്ടിയോടിച്ചു. ഇതിനു ശേഷമാണു പ്രതികളെ അറസ്റ്റുചെയ്യുന്നില്ലെന്നാരോപിച്ചു സി.പി.എം പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."