അഴിത്തല ടൂറിസം വില്ലേജ് പദ്ധതി: ആദ്യഘട്ടം ഉടന്‍ തുടങ്ങും
നീലേശ്വരം: അഴിത്തലയുടെ ടൂറിസം സാധ്യതകളുപയോഗപ്പെടുത്തി നടപ്പാക്കുന്ന അഴിത്തല ടൂറിസം വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ ആരംഭിക്കും. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ മത്സ്യ, കാര്‍ഷിക മേഖലകളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ള പരിസ്ഥിതി സൗഹാര്‍ദ്ദമായ പദ്ധതികളാണു നടപ്പാക്കുക. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായത്തിനു പുറമേ പ്രദേശത്തെ ഹൗസ്‌ബോട്ട് ഉടമസ്ഥരുടെയും റിസോര്‍ട്ട് ഉടമകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണു പദ്ധതിക്കാവശ്യമായ വിവരശേഖരണം നടത്തുന്നത്.
അടിസ്ഥാന സൗകര്യ വികസനം, വിനോദോപാധികള്‍ തുടങ്ങി രണ്ടു പ്രധാന മേഖലകളിലെ പ്രവര്‍ത്തനങ്ങളാണു പദ്ധതി വിഭാവനം ചെയ്യുന്നത്. ടൂറിസം വില്ലേജിലേക്കുള്ള ബോര്‍ഡുകള്‍, ജങ്കാര്‍ സര്‍വിസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, നടപ്പാതകള്‍, സൂര്യാസ്തമനം കാണാനുള്ള സൗകര്യം, ഇരിപ്പിടങ്ങള്‍, ലൈറ്റ്ഗാര്‍ഡ് സെന്റര്‍, കോഫി ഷോപ്പ്, ഡ്രസിങ് റൂം എന്നിവയാണൊരുക്കുക. വിനോദോപാധികളില്‍ പൂന്തോട്ടം, കുട്ടികളുടെ പാര്‍ക്ക്, പെഡല്‍ ബോട്ടിങ് എന്നിവയ്ക്കു സൗകര്യമൊരുക്കും. മടക്കരയില്‍ നിന്നു അഴിത്തലയിലേക്കു ജങ്കാര്‍ സര്‍വിസ് നിലവില്‍ വരുന്നതോടെ ഗതാഗത ടൂറിസം മേഖലകള്‍ക്കു ഉണര്‍വാകും.
നഗരസഭ ഈ വര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ള കുട്ടികളുടെ പാര്‍ക്കിന്റെ തറക്കല്ലിടല്‍ ഡിസംബര്‍ ആദ്യവാരം നടക്കും. നിലക്കടല കൃഷിക്കു അനുയോജ്യമാണെന്നു കണ്ടെത്തിയ സ്ഥലത്തു കുടുംബശ്രീ ജെ.എല്‍.ജികളുടെ നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ രണ്ടാം വാരത്തിലും നടക്കും.
അടുത്ത വര്‍ഷം മാര്‍ച്ച് അവസാനം നടക്കുന്ന അഴിത്തല ബീച്ച് ഫെസ്റ്റോടെ ടൂറിസം വില്ലേജ് പദ്ധതി പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കാനാണു ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സീ ഫുഡ് ഫെസ്റ്റ്, സാംസ്‌കാരിക രാവുകള്‍, ബീച്ച് വോളി ടൂര്‍ണമെന്റ് എന്നിവയും നടത്തും.
അഴിത്തല ടൂറിസം വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ടു കൗണ്‍സലര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ശില്‍പശാല നടത്തി. തുടര്‍ന്നു പദ്ധതി പ്രദേശം സന്ദര്‍ശിച്ചു സാധ്യതകള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."