മോദി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തനി ആര്‍എസ്എസ്സുകാരനായി മാറി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. മോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത നടപടിയിലൂടെ . അദ്ദേഹം ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തിവെച്ച് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുകയാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറാകുന്നില്ല. ഇപ്പോള്‍ കേരള ജനതയുടെ പൊതു വികാരം ധരിപ്പിക്കാന്‍ തയാറെടുത്ത സര്‍വ്വകക്ഷി സംഘത്തെയും ഒഴിവാക്കുകയാണ്. കേരളത്തെ പൂര്‍ണമായും അവഗണിക്കുക വഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുക കൂടിയാണ് മോദി ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു സാധാരണ ആര്‍എസ്എസ്സുകാരന്റെ തലത്തിലേക്ക് താഴുന്നത് ആ പദവിക്കും രാജ്യത്തിനാകെയും നാണക്കേടാണെന്നും വിഎസ് ആരോപിച്ചു.
നിയമസഭ അധികാരപ്പെടുത്തിയ സര്‍വകക്ഷിസംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ഫെഡറലിസത്തിന്റെ ലംഘനവും കേരളീയരോടുള്ള അവഹേളനവുമാണെന്ന് സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."