തോട്ടപ്പള്ളി തുറമുഖത്തെ മണലെടുക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ
തോട്ടപ്പള്ളി: കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് താല്‍കാലിക വിജയം. തോട്ടപ്പള്ളി തുറമുഖത്തുനിന്ന് ഐ.ആര്‍.ഇ മണലെടുക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നടപടി.
അടുത്തമാസം ഏഴിന് ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും നിലപാട് വ്യക്തമാക്കാനും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് പുലിമുട്ടിനുള്ളില്‍ അടിഞ്ഞുകൂടിയ മണല്‍ ഡ്രഡ്ജ് ചെയ്ത് ഐ.ആര്‍.ഇക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. മണല്‍ വേര്‍തിരിച്ച് കരിമണല്‍ ഐ.ആര്‍.ഇ എടുക്കുകയും വെള്ളമണല്‍ ഹാര്‍ബര്‍ പരിസരത്ത് നിക്ഷേപിച്ചിരിക്കുകയുമാണ്.
എന്നാല്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം ആരംഭിക്കാതെ മണല്‍ എടുക്കാന്‍ അനുവദിക്കില്ലെന്നുകാട്ടി ധീവരസഭ ഒറ്റപ്പന,പുന്തല,തോട്ടപ്പള്ളി കരയോഗങ്ങളുടെ നേതൃത്വത്തില്‍ മാസങ്ങളായി മണലെടുപ്പ് തടഞ്ഞിരിക്കുകയാണ്.
ഇതിനെതിരെ കരാറുകാരന്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെ മണലെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെതുടര്‍ന്ന് മണലെടുക്കാതെ ഐ.ആര്‍.ഇ പിന്മാറുകയായിരുന്നു.
ഇതിനുശേഷം പുറക്കാട് ഗ്രാമപഞ്ചായത്ത്, കേരള കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം എന്നിവരും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഇതിനിടെ ധീവരസഭാ കരയോഗങ്ങള്‍ക്കെതിരെ ഐ.ആര്‍.ഇയും ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് പരിഗണിച്ചാണ് ഇന്നലെ ഹൈക്കോടതി മണലെടുപ്പിന് സ്റ്റേ നല്‍കിയത്. മണലെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഐ.ആര്‍.ഇയ്ക്ക് നല്‍കിയിരുന്ന പൊലീസ് സംരക്ഷണവും കോടതി പിന്‍വലിച്ചു. ഹാര്‍ബറില്‍ നിന്നുള്ള മണലെടുപ്പ് പൂര്‍ത്തിയാക്കിയശേഷമേ രണ്ടാംഘട്ട വികസനം ആരംഭിക്കൂവെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് ധീവരസഭാ നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.കേസ് വീണ്ടും അടുത്തമാസം ഏഴിന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."