വേഷം മാറി സ്വകാര്യ ബസുകളില്‍ വാഹനവകുപ്പിന്റെ പരിശോധന
കാക്കനാട്: മുഖ്യമന്ത്രിക്ക് യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സ്‌ക്വാഡുകളായി തിരിഞ്ഞ് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തി. വാഹന വകുപ്പ് വേഷം മാറി നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത് കടുത്ത നിയമലംഘനങ്ങളാണ്. ബസുകളിലെ ജീവനക്കാര്‍ യാത്രക്കാരെ ഗുണ്ടാ സ്റ്റെയിലില്‍ പെരുമാറുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം അനുഭവത്തില്‍ ബോധ്യമായി.
ഉദ്യോഗസ്ഥരാണെന്ന് അറിയാതെ ബസ് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. ഫോര്‍ട്ട്‌കൊച്ചി-ചിറ്റൂര്‍ ഫെറി, തേവര-കാക്കനാട്, എറണാകുളം-ആലുവ റൂട്ടുകളിലായിരുന്നു പരിശോധന നടത്തിയത്. ഒമ്പത് ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ കണ്ടക്ടര്‍ ബസ് ഓടിച്ചത് മുതല്‍ യാത്രക്കാരെ മുഴുവന്‍ ഭീഷണിപ്പെടുത്തി പെരുവഴിയില്‍ ഇറക്കി വിട്ടത് ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടത്തെിയത്.
ആലുവ ബൈപ്പാസിലാണ് ബസ്സിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാര്‍ ഇറക്കിവിട്ടത്. യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ട ബസ് ആലുവ ടൗണില്‍ കയറാതെ നേരെ ബസ് സ്റ്റാന്‍ഡിലേക്ക് കയറ്റുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷയും അപകടത്തിലാക്കി ഡ്രൈവിങ് ലൈസന്‍സില്ലാത്ത കണ്ടക്ടര്‍ ബസോടിച്ചത് അമിത വേഗത്തിലായിരുന്നു.
ബസോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, യാത്രക്കാരെ കയറ്റുമ്പോഴും ഇറക്കുമ്പോഴും നിര്‍ത്താതെ ഓടിക്കുക, ലൈസന്‍സും യൂണിഫോമും ഇല്ലാത്ത കണ്ടക്ടര്‍മാര്‍, ഡോര്‍ചെക്കര്‍മാര്‍ ഇല്ലാത്ത ബസുകള്‍, അനധികൃത സ്റ്റീരിയോകളുടെ ഉപയോഗം, അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള എമര്‍ജന്‍സി വാതിലുകള്‍ക്ക് മുന്നില്‍ സീറ്റുകള്‍ ഘടിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടത്തെിയത്.
കളമശ്ശേരി എച്ച്.എം.ടി കവലയില്‍ ചുവപ്പ് സിഗ്‌നല്‍ ലംഘിച്ച് ബസോടിച്ച ഡ്രൈവറും പിടിയിലായി.സ്റ്റോപ്പുകളില്‍ നിര്‍ത്തിയിടാന്‍ അനുവദിച്ചിരിക്കുന്ന രണ്ട് മിനിട്ട് സമയം ലംഘിച്ച് കെട്ടിക്കിടക്കുന്ന നിരവിധി ബസ്സുകളും പരിശോധനയില്‍ കണ്ടത്തെി. ഗുരുതര നിയമ ലംഘനം നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു.
പരിശോധനയില്‍ കണ്ടത്തെിയ മറ്റു നിയമലംഘനങ്ങള്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനായി ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി.ഷെഫീക്, കെ.എസ്.ബിനീഷ്, ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."