ഇടുക്കി മെഡിക്കല്‍ കോളജ്; കെട്ടിട നിര്‍മാണം തുടങ്ങി
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം തുടങ്ങി. 60.76 കോടി രൂപ ചിലവില്‍ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന 300 ബെഡ്ഡിന്റെ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ രാവിലെ ആരംഭിച്ചു. സൈറ്റ് ലെവലിങ്ങ് ഉള്‍പ്പെടെയുള്ള ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ തീയതി ലഭിക്കുന്നതനുസരിച്ച് ശിലാസ്ഥാപനം പിന്നീട് നടക്കും.
നബാര്‍ഡ് സ്‌കീമില്‍പ്പെടുത്തി കേന്ദ്രത്തില്‍ നിന്നും 48.5 കോടി രൂപ നേരത്തെ ലഭിച്ചിരുന്നു. സംസ്ഥാന വിഹിതവും ചേര്‍ത്താണ് 60.76 കോടി രൂപയുടെ ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുള്ളത്. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നും എം.പി പറഞ്ഞു.
15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാറുകാരന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വന്‍കിട കെട്ടിട നിര്‍മ്മാതാക്കളായ ചെറിയാന്‍ & വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണം എറ്റെടുത്തിട്ടുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ഭൂമിയുടെ ചായ്‌വുകള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്‍പ്പന ചെയ്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കിറ്റ്‌ക്കോയാണ് രൂപകല്‍പ്പന പൂര്‍ത്തിയാക്കിയിട്ടുള്ളത്.
രണ്ട് ബ്ലോക്കുകളായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഒ.പി, ഐ.പി വിഭാഗങ്ങള്‍ എമര്‍ജന്‍സി വാര്‍ഡോടുകൂടിയ അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ കോംപ്ലക്‌സ്, ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, നഴ്‌സറി, ഫാര്‍മസി സ്റ്റോര്‍, ബ്ലഡ്ബാങ്ക്, ലബോറട്ടറികള്‍, കഫ്‌റ്റേരിയ, എക്‌സറേ, എം.ആര്‍.ഐ. സ്‌കാന്‍, സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെയുള്ള റേഡിയോളജി വിഭാഗവും കെട്ടിടത്തിനുള്ളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.ആവശ്യത്തിനുള്ള ലിഫ്ടുകളും റാംപുകളും കെട്ടിടത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. അക്കാഡമിക് ആവശ്യങ്ങള്‍ക്കായിട്ടുള്ള ലക്ചര്‍ ഹാളും അനുബന്ധ സൗകര്യങ്ങളും കെട്ടിടത്തിനുള്ളില്‍ തന്നെ പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്. അക്കാഡമിക്ക് ബ്ലോക്കിന്റെ നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ട്രൈബല്‍ ഹോസ്റ്റലിന്റെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അവിടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി നിര്‍മ്മാണം വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുള്ളതായി അഡ്വ ജോയ്‌സ് ജോര്‍ജ് എം.പി വ്യക്തമാക്കി.
ഇടുക്കി മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇക്കാര്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എം.പി പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധന നടത്തി
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മൂന്നംഗസംഘം പരിശോധന നടത്തി. കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചെങ്കിലും ആശുപത്രിയുടെയും കോളജിന്റെയും നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഘം നിരീക്ഷിച്ചു.
ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്ന് ഇവര്‍ പറഞ്ഞു. വിഡിയോ ക്യാമറയിലൂടെ ഇതെല്ലാം ചിത്രീകരിച്ച ശേഷമാണു സംഘം മടങ്ങിയത്.
മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. പി.ജി.ആര്‍. പിള്ള, പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ഡി. വര്‍ഗീസ് തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. ;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."