അഞ്ഞൂറ്, ആയിരം കറന്‍സി നിരോധനം: തമിഴ്‌നാട് ആസ്ഥാനമായ ബാങ്കുകളിലെ എ.ടി.എമ്മുകള്‍ കാലി
ഒലവക്കോട്: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നിരോധനം നാളുകള്‍ പിന്നിടുമ്പോഴും നെട്ടോട്ടത്തിന് അറുതിയില്ല. ബാങ്കുകളില്‍ നിന്നും മാറ്റാവുന്ന തുകയുടെ പരിധി കുറച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാനത്ത് ആധിപത്യമുള്ള ബാങ്കുകളുടെ എ.ടി.എം കളില്‍ പണം നിറയ്ക്കുമ്പോള്‍ അയല്‍സംസ്ഥാനങ്ങള്‍ ആസ്ഥാനമായുള്ള ബാങ്കുകളുടെ എ.ടി.എം കള്‍ ഇപ്പോഴും കാലിയാണ്.
തമിഴ്‌നാട് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ ശാഖയായ കേരളത്തില്‍ കൂടുതലും തമിഴ്‌നാട് മെര്‍കന്റൈല്‍, കരൂര്‍ വൈശ്യബാങ്ക്, ലക്ഷ്മിവിലാസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ശാഖകളാണ് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഇവയെല്ലാം ബ്രാഞ്ചുകള്‍ക്കു സമീപത്തുള്ളതിനു പുറമെ മിക്കയിടത്തും എ.ടി.എം കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കറന്‍സി നിരോധനം വന്നതോടെ തമിഴ്‌നാട് ബാങ്കുകളുടെ എ.ടി.എമ്മുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ബ്രാഞ്ചുകള്‍ക്കു താഴെയുള്ള എ.ടി.എമ്മുകളില്‍ വല്ലപ്പോഴും മാത്രം പേരിനു പണം നിറച്ച് ഇടപാടുകാരുടെ കണ്ണില്‍ പൊടിയിടുന്നെങ്കിലും പൊതു നിരത്തുകളിലുള്ള എ.ടി.എംമ്മുകളില്‍ എന്നും പണം നിറക്കുമെന്നതില്‍ ഒരു നിശ്ചയവുമില്ല.
ഇത്തരത്തില്‍ തമിഴ്‌നാട് ബാങ്കുകളുടെ മറ്റു എ.ടി.എംമ്മുകളില്‍ പണം നിറക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കുള്ള പണം നല്‍കാന്‍ ബാങ്കുകള്‍ ഇതുവരെ തയ്യാറാവാത്ത സ്ഥിതിയാണ്.
ഏജന്‍സികള്‍ തമിഴ്‌നാട്ടിലെ മെയിന്‍ ശാഖയുമായി ബന്ധപ്പെടുമ്പോള്‍ പുതിയ കറന്‍സി എത്തിയിട്ടില്ലെന്ന നിലപാടിലാണത്രെ. ഇതുമൂലം ഇത്തരം ബാങ്കുകളില്‍ അക്കൗണ്ടെടുത്തവര്‍ ഏറെയും വെട്ടിലായിരിക്കുകയാണ്. പഴയ നോട്ടുകള്‍ വാങ്ങാനെത്തുന്നവരെ മാറ്റി നിര്‍ത്തി അവിടെ അക്കൗണ്ടുള്ളവര്‍ക്കുമാത്രം പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്ന നിലപാടാണ് ഇത്തരം ബാങ്കുകള്‍ കൈക്കൊള്ളുന്നത്.
2005 നു ശേഷമാണ് കേരളത്തില്‍ തമിഴ്‌നാട് ബാങ്കുകള്‍ ആധിപത്യമുറപ്പിച്ചത്. ഇതില്‍ കൂടുതല്‍ ബ്രാഞ്ചുകളുള്ളത് കരൂര്‍ വൈശ്യ ബാങ്കിനാണ്. തമിഴ്‌നാട് മെര്‍ക്കന്റെല്‍ ബാങ്ക് അടുത്ത കാലത്താണ് കേരളത്തില്‍ സേവനം തുടങ്ങിയത്.
എ.ടി.എം കളില്‍ പണമെത്താത്തതിനാല്‍ മിക്ക എ.ടി.എം കളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരും അവധിയിലാണ്. സംസ്ഥാനത്ത് ആസ്ഥാനമുള്ള ബാങ്കുകളുടെ എ.ടി.എം കളില്‍ ആവശ്യത്തിനെങ്കിലും ഇടക്കിടെ പണം നിറക്കുമ്പോള്‍ തമിഴ്‌നാട് ബാങ്കുകളുടെ എ.ടി.എം കളില്‍ നിറക്കാത്തതു മൂലം പണമെടുക്കാന്‍ കഴിയാത്തത് ജനങ്ങളില്‍ അക്കൗണ്ടുള്ളവരെയും അല്ലാത്തവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."