വരവൂരില്‍ അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞ ജനദ്രോഹ ഭരണം: യു.ഡി.എഫ്
എരുമപ്പെട്ടി: എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന വരവൂര്‍ പഞ്ചായത്തില്‍ അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞ ജനദ്രോഹ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രക്ഷോപത്തിലേക്ക്. പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്. വരവൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാതെയാണ് പല പദ്ധതികളും നടപ്പിലാക്കുന്നത്. സെക്രട്ടറി ചാര്‍ജ് വഹിക്കുന്ന ഉദ്യാഗസ്ഥനും പ്രസിഡന്റും മാത്രം കൂടിയാലോചിച്ച് നടത്തുന്ന പദ്ധതികളില്‍ അഴിമതിയും ക്രമക്കേടുമുണ്ട്. പഞ്ചായത്ത് വാഹനം വാങ്ങിയതിലും ഡ്രൈവറെ നിയമിച്ചതിലും ഗുരുതരമായ ക്രമക്കേടുകളാണ് നടത്തിയിരിക്കുന്നത്.
അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും നമ്പറും നല്‍കുന്നത് അഴിമതിക്കും സ്വജന പക്ഷപാതത്തിനും പ്രത്യക്ഷ ഉദാഹരണമാണ്. പഞ്ചായത്തിന്റെ അധീനതയിലുള്ള എല്‍.പി.സ്‌കൂളില്‍ നിയവിരുദ്ധമായി നടത്തുന്ന പലകാര്യങ്ങള്‍ക്കും ഭരണസമിതി കൂട്ട് നില്‍ക്കുകയാണ്. പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഏഴ് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങള്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥമൂലം തുരുമ്പെടുത്ത് നശിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളായ കുടിവെളളം ലഭ്യമാക്കാനും തെരുവ് വിളക്കുകള്‍ കത്തിക്കാനും നടപടി സ്വീകരിക്കുന്നില്ല. ഇതിനായി വാട്ടര്‍ അതോററ്റിയിലും കെ.എസ്.ഇ.ബിയിലും മാസങ്ങളില്‍ അടയ്ക്കുന്ന ഫണ്ട് ഉപകാരപ്പെടാതെ പോവുകയാണ്. പഞ്ചായത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാല്‍ പല ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സാധാരണക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ഭരണസമിതിയിലെ അഭിപ്രായ ഭിന്നത മൂലം ഉദ്യോഗസ്ഥ ഭരണമാണ് പഞ്ചായത്തില്‍ നടക്കുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ എം.വീരചന്ദ്രന്‍, എം.രവീന്ദ്രന്‍, ബാപ്പുട്ടി വിരുട്ടാണം, ബ്ലോക്ക പഞ്ചായത്ത് അംഗം കെ.എം,ഹനീഫ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."