പാഠ്യ പദ്ധതിയില്‍ കൃഷി പാഠം ഉള്‍പ്പെടുത്തുമെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പാഠ്യ പദ്ധതിയില്‍ കൃഷി പാഠം ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസിന്റെ വിളംബരോദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ഹരിത കേരളം പദ്ധതിയുടെ ഒരു നല്ല ഭാഗമാകാന്‍, കൃഷി പാഠത്തിനും ബാല കൃഷിശാസ്ത്രകോണ്ഗ്രസിനു കഴിയുമെന്നു ആശംസിച്ചു കൊണ്ട്, ബാലകൃഷി ശാസ്ത്രജ്ഞര്‍ കൈയില്‍ കരുതിയ ഏഴ് മുളങ്കുറ്റികളില്‍ പുതു ഞാര്നട്ട് ഏഴാമത് കൃഷി ശാസ്ത്ര കോണ്‍ഗ്രസിന്റെ വിളംബരോദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു
മണ്ണിനെയും പ്രകൃതിയേയും പറ്റി പഠിക്കാതെ മറ്റെന്തു പഠിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. മാനവരാശിയുടെ നിലനില്‍പ്പ് തന്നെ കൃഷിയിലാണെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അവരുടെ ഔദ്യോഗിക കുപ്പായങ്ങള്‍ അഴിച്ചു വച്ച് ജാതിമത വ്യതാസങ്ങള്‍ ഇല്ലാതെ ഒരു പൗരന് എന്ന നിലയില്‍ ജൈവകൃഷിയും കൃഷി സംസ്ക്കാരവും തിരിച്ചു കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷി-ശാസ്ത്ര ഗവേഷണരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സിസ്സയും, കൃഷിപാഠം പ്രചാരകരായ അഗ്രി ഫ്രണ്ട്സും, ഹോളി ഏഞ്ചല്‍സിലെ സീന്‍സ് ഇക്കോക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടണ്‍ ഹില്‍, വെങ്ങാനൂര്‍ എച്ച്.എസ്, പട്ടം സെന്റ് മേരീസ്, വര്‍ക്കല എം.ജി.എം സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി നിരവധി കൃഷിപാഠം വിദ്യാര്‍ഥികള്‍ വിളംബരത്തില്‍ പങ്കാളികളായി. ബാല ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഏഴാമത് സമ്മേളനം ജനുവരി 12,13,14 തീയതികളില്‍ തലസ്ഥാന നഗരിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."