ധനുവച്ചപുരത്ത് യുവാവിന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത
പാറശാല: ധനുവച്ചപുരത്ത് കഴിഞ്ഞദിവസം രാത്രി റോഡില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം വീട്ടിലെത്തി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
പരശുവയ്ക്കല്‍ തത്തംകോട് സ്വദേശി വിഷ്ണുവിനാണ് (22) ഭാവി വധുവും കാമുകിയുമായ തത്തംകോട് കുന്നുവിള വീട്ടില്‍ രേഷ്മ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രി 8.30 ന് ധനുവച്ചപുരം ബി.എച്ച്.എസിനു സമീപത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കുത്തേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആത്മഹത്യ ശ്രമം നടത്തിയ രേഷ്മ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കുന്ന വിശദീകരണത്തില്‍ സമീപവാസികളായ യുവതിയും യുവാവും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നതായും വിഷയം മനസിലാക്കിയ വീട്ടുകാര്‍ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കുന്നതിനുളള തയാറെടുപ്പിലുമായിരുന്നു. എന്നാല്‍ നഗരത്തിലെ ഒരു ടെക്സ്റ്റയില്‍സില്‍ സെയില്‍സ് ഗേളായി ജോലി നോക്കി വന്നിരുന്ന പെണ്‍കുട്ടി ആഴ്ചകള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു ഹോസ്റ്റലില്‍ നിന്നും വിട്ടില്‍ വന്നു പോകാറുളളത്.
എന്നാല്‍ സംഭവം നടന്നദിവസം രാത്രി വിഷ്ണു സ്ഥാപനത്തില്‍ നിന്നും യുവതിയെ വീട്ടില്‍ വിടാമെന്നു പറഞ്ഞ് ബൈക്കില്‍ ധനുവച്ചപുരത്തേയ്ക്ക് കൂട്ടി കൊണ്ടു വന്നതായി പറയുന്നു. ധനുവച്ചപുരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ വിഷ്ണു ബൈക്ക് നിറുത്തിയ ഉടന്‍ യുവതി ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ വയറ്റിലും ഇടുപ്പിലും കുത്തുകയായിരുന്നുയെന്ന് യുവാവ് പൊലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
എന്നാല്‍ യുവാവ് തന്നെ പരിചയമില്ലാത്ത റോഡിലേയ്ക്ക് ബൈക്കില്‍ കൊണ്ടു പോകുകയും മോശമായ തരത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് പീഡിപ്പിക്കുവാനുളള ശ്രമമാണെന്ന് കരുതി കുത്തുകയായിരുന്നുയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
എന്നാല്‍ യുവതി ബാഗിനുളളില്‍ കത്തി കരുതിയതിലുളള കാരണം ദുരൂഹതയായി അവശേഷിക്കുകയാണ്. പാറശാല പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."