ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവം: ഇടിച്ച വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല
കൊട്ടാരക്കര: ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. വലിയ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലിസ് സ്ഥിരീകരിക്കുമ്പോഴും ഇടിച്ച വാഹനം അഞ്ജാതമായി തുടരുന്നത് അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം 23 ന് രാത്രി 10 മണിയോടെയാണ് എം.സി റോഡില്‍ മൈലം മുട്ടമ്പലത്തിന് സമീപം ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. കൊട്ടാരക്കര നീലേശ്വരം സ്വദേശി സുമിത്ത് ക്രിസ്റ്റി (20) പുലമണ്‍ സ്വദേശി അരുണ്‍ രാജ് (23) എന്നിവരാണ് മരിച്ചത്. സുമിത്ത് സംഭവ സ്ഥലത്തും അരുണ്‍ രാജ് പുലര്‍ച്ചയുമാണ് മരിച്ചത്. ബൈക്കില്‍ ആതിരപ്പള്ളിയില്‍ വിനോദ സഞ്ചാരത്തിന് പോയി മടങ്ങിയ ആറംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. അപകടത്തില്‍പ്പെട്ടവരെ പൊലിസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. വലിയ വാഹനം തന്നെ ഇടിച്ചതാണെന്ന പ്രാഥമികമായ ശാസ്ത്രീയ തെളിവുകള്‍ പൊലിസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. റൂറല്‍ എസ്.പി യുടെ ചുമതലയിലുള്ള ആന്റ് തെഫ്റ്റ് സ്‌കോഡ് ആണ് ആദ്യം അന്വേഷണം നടത്തിയത്. അപകടം നടന്ന സ്ഥലത്ത് വെളിച്ചം കുറവായതും ക്യാമറാ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും അന്വേഷണത്തിന് തടസ്സമായി. എം.സി റോഡിലെ മറ്റ് സി.സി.റ്റി.വി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. അതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. സംയത്തിന്റെ പേരില്‍ എറണാകുളത്ത് വരെ പേയി സംഘം വാനാ പരിശോധന നടത്തി. നൂറോളം വാഹനങ്ങള്‍ ഇതിനിടയില്‍ പരിശോധിച്ചു. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇടിച്ച വാഹനം അപകടത്തിന് ശേഷം എം.സി റോഡ് വഴി കടന്നുപോകാതെ ഇടറോഡ് വഴി രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. ഇതിനിടയില്‍ ആന്റി തെഫ്റ്റ് കോഡിനെ ഈ അന്വേഷണത്തില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി. കൊട്ടാരക്കര ധനകാര്യ സ്ഥാപനത്തിലും വാളകത്ത് നഴ്‌സിന്റെ വീട്ടിലും നടന്ന വന്‍ കവര്‍ച്ചകളെ തുടര്‍ന്നായിരുന്നു ഈ പിന്‍വലിക്കല്‍. ഇതും അപകടത്തിന്റെ തുടരന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."