ഇസ്റാഈലില്‍ മൂന്നാം ദിവസവും തീ പടരുന്നു; യൂറോപ്പിനോട് സഹായം തേടി
ജറുസലേം: ഇസ്റാഈലില്‍ നഗരങ്ങളെ വിഴുങ്ങി വന്‍ അഗ്നിബാധ പടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ തീ പടര്‍ച്ച ഇപ്പോഴും തുടരുന്നു. തീ പിടുത്തത്തില്‍ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും നശിച്ചു. ഇവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിനു പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കൃത്യമായ വിവരമില്ല. എന്നാല്‍ പുക ശ്വസിച്ച് ആരോഗ്യസ്ഥിതി മോശമായ നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇസ്റാഈലികളും അറബികളും ഒരുമയോടെ താമസിക്കുന്ന ജറുസലേമിനു സമീപത്തുള്ള നേവ് ശാലോം എന്ന സ്ഥലത്തു നിന്നാണ് അഗ്നിബാധ തുടങ്ങിയതെന്ന് ഇസ്റാഈല്‍ പൊലിസ് വക്താവ് മിക്കി റോസെന്‍ഫെല്‍ഡ് പറഞ്ഞു.
നാലു ഫലസ്തീനികളെ അറസ്റ്റ് ചെയ്തു
വന്‍ അപകടമുണ്ടാക്കി തീ പടരുന്നതിനിടെ നാലു ഫലസ്തീനികളെ ഇസ്റാഈല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമല്ല. തീ പടരുന്നതു തുടങ്ങിയ നേവ് ശാലോം നിവാസികളാണ് ഇവരെന്നാണ് കരുതുന്നത്.
ഇന്നു രാവിലെയോടെ ഹഫീഫ യൂനിവേഴ്സിറ്റി തീപിടുത്ത ഭീഷണിയിലായിരുന്നുവെങ്കിലും രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹഫീഫ നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ താമസക്കാരെയും സമീപത്തെ നിരവധി തെരുവുകളില്‍ നിന്ന് ആളുകളെയും അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.
മോദിഈന് നഗരത്തിലും തീ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള സ്കൂളുകളെല്ലാം അടച്ചിട്ടു. തീ അണയ്ക്കുന്നതിനായി നാല് പൊലിസ് കാറുകളും എട്ട് ഫയര്‍ ട്രക്കുകളും രണ്ടു വിമാനങ്ങളും എത്തിയിട്ടുണ്ട്. ഈ നഗരത്തിലേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടു.
ഇതടക്കം നിരവധി നഗരങ്ങളെയും ഗ്രാമങ്ങളെയും ഇതിനകം തീ തിന്നുകഴിഞ്ഞു. ചൂട് കൂടിയതും കാറ്റ് വര്‍ധിച്ചതും തീ പടരാന്‍ കാരണമായി. നിരവധി നഗരങ്ങള്‍ ഇപ്പോഴും തീ വ്യാപന ഭീതിയിലാണ്.
സൈപ്രസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇസ്റാഈലിനെ സഹായിക്കാനായി നാലു വിമാനങ്ങളും 49 രക്ഷാപ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. യൂറോപ്പിനോട് സഹായം അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."