ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസില്‍ മന്ത്രി ജലീലിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസില്‍ നഗരവികസന വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ മിന്നല്‍ പരിശോധന. ഓഫിസിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇന്നലെ രാവിലെ 10.45നു പരിശോധനക്കായി മന്ത്രി എത്തിയത്. മന്ത്രി സന്ദര്‍ശനത്തിനെത്തുമ്പോള്‍ പകുതിപോലും ജീവനക്കാര്‍ ഓഫിസില്‍ ഹാജരായിരുന്നില്ല. 120 ഓളം ജീവനക്കാരാണ് ഓഫിസിലുള്ളത്.
സംസ്ഥാനത്തെ ടൗണ്‍ പ്ലാനിങ് ഓഫിസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ചീഫ് ടൗണ്‍പ്ലാനിങ് ഓഫിസ് തെരഞ്ഞെടുത്തതെന്നും മന്ത്രി ജലീല്‍ പ്രതികരിച്ചു.
ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ പല കേന്ദ്രങ്ങളില്‍നിന്നും പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അമ്പതുശതമാനം ആളുകള്‍ ഒരുമിച്ച് ലീവെടുക്കുന്നത് അസാധ്യമാണ്. വകുപ്പുമേധാവികള്‍ അത്രത്തോളം പേര്‍ക്ക് ലീവ് അനുവദിക്കാറുമില്ല. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവരില്‍നിന്നും വിശദീകരണം തേടും.
ചില ഉദ്യോഗസ്ഥര്‍ ടൗണ്‍ പ്ലാനിങ് ഓഫിസിനും നഗര വികസന വകുപ്പിനും ദുഷ്‌പേരുണ്ടാക്കുന്നുണ്ട്. അങ്ങനെ ദുഷ്‌പേരുണ്ടാക്കുന്ന ആളുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."