താമസ സൗകര്യം നേരത്തേയൊരുക്കും; കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കര്‍മ പദ്ധതികള്‍ക്ക് തുടക്കം
കൊണ്ടോട്ടി: 2017-ലെ ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാന്‍ കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ കര്‍മ പദ്ധതികള്‍ക്ക് തുടക്കമായി. ഇതാദ്യമായാണ് ഹജ്ജിന് അപേക്ഷ ക്ഷണിക്കും മുന്‍പ് തന്നെ തീര്‍ഥാടകര്‍ക്ക് പരിശുദ്ധ മക്ക, മദീന എന്നിവടങ്ങളില്‍ താമസ സൗകര്യം കണ്ടെത്തുന്ന നടപടികള്‍ ആരംഭിക്കുന്നത്. കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ആദ്യഘട്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി. 2017 ലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനായി സഊദിയിലെത്തിയ ആദ്യ രാജ്യമാണ് ഇന്ത്യ.
മക്കയിലും, മദീനയിലും കെട്ടിടങ്ങള്‍ വാടകക്ക് ലഭിക്കുന്നതിന് ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ മികച്ച കെട്ടിടങ്ങള്‍ കണ്ടത്താനാണ് കേന്ദ്ര ഹജ്ജ് സംഘത്തിന്റെ ശ്രമം. മക്കയിലും, മദീനയിലും സന്ദര്‍ശനം നടത്തിയ സംഘം കെട്ടിട ഉടമകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും വിവരങ്ങള്‍ തേടി. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. താമസ സൗകര്യങ്ങള്‍ക്ക് പുറമെ തീര്‍ഥാടകര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളും വിലയിരുത്തി. കെട്ടിടങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ.
മക്കയില്‍ ഗ്രീന്‍, അസീസിയ്യ കാറ്റഗറിയിലാണ് ഇത്തവണയും താമസ സൗകര്യമൊരുക്കുക. മക്കയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ പരിധിയിലാണ് ഗ്രീന്‍കാറ്റഗറി. ആറ് കിലോമീറ്റര്‍ അകലെയാണ് അസീസിയ്യ കാറ്റഗറിക്കാര്‍ക്ക് താമസ സൗകര്യം ലഭിക്കുക. ഗ്രീന്‍ കാറ്റഗറിയില്‍ തീര്‍ഥാടകര്‍ കൂടുതല്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഗുണമേന്‍മയുളള കെട്ടിടങ്ങള്‍ കണ്ടെത്താനാവുന്നില്ല. എന്നാല്‍ അസീസിയ്യയില്‍ കുറഞ്ഞ നിരക്കില്‍ മികച്ച കെട്ടിടങ്ങള്‍ ലഭിക്കുന്നുമുണ്ട്. അതിനാല്‍ ഇത്തവണ അസീസിയ്യ കാറ്റഗറിക്കാണ് കൂടുതല്‍ പരിഗണന നല്‍കുകയെന്നറിയുന്നു.
മദീനയില്‍ മര്‍ക്കസിയ്യ ഭാഗത്താണ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുക. കഴിഞ്ഞ തവണ രാജ്യത്തെ 70 ശതമാനം പേര്‍ക്കും ഇവിടെയാണ് സൗകര്യമൊരുക്കിയിരുന്നത്. ശേഷിച്ച 30 ശതമാനം പേര്‍ക്ക് മദീനയില്‍ നിന്ന് അകലെയാണ് താമസം ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മര്‍ക്കസിയ്യയില്‍ തന്നെ മുഴുവന്‍ പേര്‍ക്കും അവസരം കണ്ടെത്താനാണ് ശ്രമം.
ഇന്ത്യയില്‍ നിന്ന് ഇത്തവണയും 1,36,000 പേര്‍ക്ക് അവസരം ലഭിക്കുമെനന്നാണ് പ്രതീക്ഷ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ മെഹബൂബ് അലി ഖൈസര്‍ ചൗധരിയും സംഘവും ഇന്നലെ മടങ്ങിയെത്തി. ഹജ്ജിന്റെ അപേക്ഷ സ്വീകരണവും മറ്റും ഡിസംബര്‍ അവസാനം മുതല്‍ ആരംഭിക്കും. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."