മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്; തൊഴിലാളികളുടെ പ്രതിഷേധ കണ്‍വെന്‍ഷന്‍
കൊച്ചി: ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ തൊഴിലാളി സംഘടകളുടെ പ്രതിഷേധം. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിക്കെതിച്ച്രേ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ എറണാകുളത്തു സംഘടിപ്പിച്ച തൊഴില്‍ സ്വാതന്ത്ര്യസംരക്ഷണ കണ്‍വെന്‍ഷനിലാണു തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ അഭിഭാഷകര്‍ക്കു താക്കീതുമായി രംഗത്തെത്തിയത്. കോടതികളില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കുന്നത് രാജ്യത്തിനു മൊത്തത്തില്‍ ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പ്രൊഫ. എം.കെ സാനു പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നീക്കം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമായി കാണണം. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ ചില വ്യക്തികള്‍ക്കോ ചില സംഘങ്ങള്‍ക്കോ എതിരായി വന്നാല്‍ അതിനെ സഹിഷ്ണുതോടെ കാണാന്‍ കഴിയുന്ന ജനാധിപത്യ മര്യാദ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹീംകുട്ടി അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.വി തോമസ് എം.പി , സി.ഐ.ടി.യു നേതാക്കളായ എം.എം ലോറന്‍സ്, കെ.ചന്ദ്രന്‍പിള്ള, സി.കെ മണിശങ്കര്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി രാജേന്ദ്രന്‍, ബി.എം.എസ് നേതാവ് മനുകുമാര്‍,ഡോ.സെബാസ്റ്റന്‍ പോള്‍, ചാള്‍സ് ജോര്‍ജ്, കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ഗോപന്‍ നമ്പാട്ട്, കേരള പത്രപ്രവര്‍ത്തകയുണിയന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ,ജനറല്‍സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് പുറമേ 19 ട്രേഡ് യൂനിയനുകളുടെ പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശവും ജനങ്ങളുടെ അറിയാനുള്ള അവകാശവും സംരക്ഷിക്കുന്നതിനു സംയുക്ത ട്രേഡ് യൂനിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14ന് ഹൈക്കോടതിയിലേക്കു ബഹുജനമാര്‍ച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."