പൊലിസുകാരെ തിരിച്ചെടുത്തത് മികച്ച സേവനം പരിഗണിച്ചെന്ന് ഗുജറാത്ത് സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിവിധ വ്യാജഏറ്റുമുട്ടല്‍ കൊലപാതക കേസുകളിലെ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തത് അവരുടെ മികച്ച സേവനം പരിഗണിച്ചാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മലയാളിയായ പ്രാണേഷ്പിള്ള, മുംബൈ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, സുഹ്‌റബുദ്ദീന്‍ ശൈഖ്, പ്രജാപതി തുടങ്ങിയവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു കണ്ടെത്തിയ നരേന്ദ്രകുമാര്‍ അമിന്‍, തരുണ്‍ ബാരത്ത് എന്നീ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ശേഷം വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്ത നടപടി ചോദ്യംചെയ്യുന്ന ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അനുമതി ലഭിച്ച ശേഷം ഡി.ജി.പി പി.പി പാണ്ഡ്യയാണ് ഇതുസംബന്ധിച്ച നടപടികള്‍ നീക്കിയതെന്നും കഴിഞ്ഞ 10 വര്‍ഷത്തെ ഇവരുടെ തൊഴില്‍പരമായ വൈദഗ്ധ്യം പരിഗണിച്ചാണ് അവരുടെ സേവനം വീണ്ടും ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഇശ്‌റത്ത് ജഹാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജാമ്യത്തില്‍കഴിയുകയാണ് ഗുജറാത്ത് ഡി.ജി.പി പി.പി പാണ്ഡ്യ. ക്രമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ ജോലിയില്‍ വീണ്ടും നിയമിക്കുകയും വിരമിച്ച ശേഷം ഉദ്യോഗക്കയറ്റം നല്‍കുകയും ചെയ്തത് സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ശര്‍മയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ വീണ്ടും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെ സര്‍വീസില്‍ തിരിച്ചെടുത്തത് ചോദ്യംചെയ്ത് ഗുജറാത്ത് സ്വദേശിനികളായ അന്‍ഷു ശുക്ല, സോണല്‍ ശുക്ല എന്നീ രണ്ടുയുവതികള്‍ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. യുവതികളുടെ ഹരജിയില്‍ കഴിഞ്ഞദിവസം ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. കേസ് ഈ മാസം 29നു വീണ്ടും പരിഗണിക്കും.
സുഹ്‌റബുദ്ദീന്‍ കേസില്‍ നരേന്ദ്രകുമാര്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഇശ്‌റത്ത് കേസില്‍ ഇയാള്‍ ഇപ്പോഴും പ്രതിയാണ്. ഇശ്‌റത്ത് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന തരുണ്‍ ബാരത്ത് 2003ലെ സാദിഖ് ജമാല്‍ വ്യാജഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ പ്രതിയാണ്. സെപ്റ്റംബറില്‍ നരേന്ദ്രകുമാര്‍ വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി ഒരുവര്‍ഷം കൂടി നീട്ടിനല്‍കുകയായിരുന്നു. മഹിസനഗര്‍ ജില്ലാ പൊലിസ് സൂപ്രണ്ടാണ് നിലവില്‍ അദ്ദേഹം. രണ്ടുവര്‍ഷം മുമ്പ് വിരമിച്ച തരുണിനെ കഴിഞ്ഞമാസം വഡോദര വെസ്‌റ്റേണ്‍ റെയില്‍വേ ആസ്ഥാനത്ത് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായി തിരിച്ചുവിളിക്കുകയായിരുന്നു.
നരേന്ദ്രകുമാര്‍ അമിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സി.ബി.ഐ കഴിഞ്ഞയാഴ്ച മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രണംചെയ്തു നടപ്പാക്കിയതില്‍ നരേന്ദ്രകുമാറിനെതിരേ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അഹമദാബാദ് ഡിവൈ.എസ്.പിയായിരുന്ന നരേന്ദ്രകുമാര്‍ അമിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പതിനൊന്നാമത്തെ ആളാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവരാണ് നേരത്തെ കുറ്റവിമുക്തരാക്കപ്പെട്ടവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."