സ്വര്‍ണത്തിലേക്ക് ട്രിഗര്‍ വലിച്ച് എലിസബത്ത്
സ്പോര്‍ട്സ് ലേഖകന്‍
തിരുവനന്തപുരം: എലിസബത്ത് സൂസന് കോശി ഉന്നം തെറ്റാതെ നിറയൊഴിച്ചപ്പോള്‍ ആ ബുള്ളറ്റ് പാഞ്ഞത് ചരിത്രത്തിലേക്ക്. ആദ്യ പോരാട്ടത്തില്‍ തന്നെ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി എലിസബത്ത് താരമായി. ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിനത്തില്‍ നടന്ന വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വ്യക്തിഗത വിഭാഗത്തിലാണ് എലിസബത്ത് കേരള പൊലിസിനായി സ്വര്‍ണത്തിലേക്ക് ബുള്ളറ്റ് പായിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനായിരുന്നു ഇന്നലെ വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ച് സാക്ഷ്യം വഹിച്ചത്. ഒരു പോയിന്റ് വ്യത്യാസത്തിലായിരുന്നു ബി.എസ്.എഫിലെ ലജ്ജ ഗോസ്വാമിയെ എലിസബത്ത് അട്ടിമറിച്ചത്.
ആറു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ആദ്യ മൂന്നു റൗണ്ടില്‍ 97 വീതം പോയിന്റു എലിസബത്ത് നേടി. തുടര്‍ന്നുള്ള മൂന്നു റൗണ്ടുകളില്‍ 99, 93, 95 പോയിന്റ് നേട്ടം. ആകെ 578 പോയിന്റുമായാണ് എലിസബത്ത് കേരള പൊലിസിനായി സ്വര്‍ണം വെടിവച്ചിട്ടത്.
വെള്ളി നേടിയ ഗുജറാത്തിന്റെ ലജ്ജ ഗോസ്വാമി 577 പോയിന്റ് നേടി. 565 പോയിന്റ് നേടിയ ബി.എസ്.എഫിലെ ജസ്വീര് കൗര്‍ വെങ്കലം നേടി. ആദ്യ ദിനത്തില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ എലിസബത്ത് വെള്ളി നേടിയിരുന്നു. കേരള പൊലിസിന്റെ ഏക മത്സരാര്‍ഥിയും എലിസബത്ത് മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."