പട്ടം പറത്താം...
കൂട്ടുകാര്‍ പട്ടം കണ്ടിട്ടില്ലേ. പലരും പറത്തിയിട്ടുണ്ടാകും. ചിലര്‍ക്ക് സ്വന്തമായി നിര്‍മിക്കാനും അറിയാം. എന്തു ഭംഗിയാണ് പട്ടങ്ങള്‍ക്ക്..
വിവിധ നിറങ്ങളിലും രൂപത്തിലും പട്ടങ്ങള്‍ നിര്‍മിക്കാറുണ്ട്. ഓരോ വര്‍ഷവും പട്ടം പറത്തലിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങളാണ് ചെലവിടുന്നത്. ഇതാ പട്ടങ്ങളുടെ ഇത്തിരി വിശേഷങ്ങള്‍
മെയ്ഡ് ഇന്‍ ചൈന
ലിഖിത ചരിത്രമനുസരിച്ച് ബി.സി ഇരുന്നൂറില്‍ ചൈനക്കാര്‍ പട്ടം നിര്‍മിച്ചതായി കാണാം. മരത്തിന്റെ ഇലകള്‍, മരക്കമ്പുകള്‍, തുണികള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ആദ്യത്തെ പട്ടങ്ങളുടെ നിര്‍മാണം. കടലാസിന്റെ കണ്ടുപിടിത്തത്തോടെ എഡി നൂറ് തൊട്ടേ കടലാസു പട്ടങ്ങള്‍ രംഗത്തുവന്നു. ക്രമേണ പട്ടം ജപ്പാനിലും കൊറിയയിലും മലേഷ്യയിലുമൊക്കെ വ്യാപിച്ചു. ഏറെ നാള്‍ കഴിഞ്ഞാണ് ഇന്ത്യയില്‍ പട്ടമെത്തിയത്.
പല നാട്ടിലേയും സംസ്‌കാരത്തിന്റെ ഭാഗമാണ് പട്ടം പറത്തല്‍. പട്ടം പറത്തല്‍ മല്‍സരത്തില്‍ വിജയിക്കുന്നത് അഭിമാനമായാണ് ആളുകള്‍ കണ്ടിരുന്നത്. കാര്‍ഷിക വിളയില്‍ സമൃദ്ധിയുണ്ടായാല്‍ ദൈവത്തോടുള്ള നന്ദി സൂചകമായി പണ്ടുകാലത്തെ ആളുകള്‍ പട്ടം പറത്തിയിരുന്നു.
പട്ടം പറത്തിയാല്‍ ജയില്‍
മാവോ സേതുങ്ങിന്റെ വിപ്ലവ കാലത്ത് ചൈനയില്‍ പട്ടം പറത്തുന്നതു കണ്ടാല്‍ പിടികൂടി ജയിലിലടക്കുമായിരുന്നു.1760 ല്‍ ജപ്പാനിലും പട്ടം പറത്തുന്നതിന് നിരോധനമുണ്ടായിരുന്നു. ജനങ്ങള്‍ കൂടുതല്‍ സമയവും പട്ടം പറത്തുന്നതിന് പിന്നാലെ പോകുന്നതു കൊണ്ടായിരുന്നു ഇത്.
പട്ടവിശ്വാസം
ചൈനയായിരുന്നല്ലോ പട്ടത്തിന്റെ ജന്മദേശം. ചൈനയില്‍ ഒരു കാലത്തെ മുഖ്യ കായിക വിനോദവും പട്ടം പറത്തലായിരുന്നു. ഉയരത്തിലുള്ള പട്ടത്തെ ഏറെ നേരം നോക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കുമെന്നാണ് ചൈനയിലെ വിശ്വാസം. മാത്രമല്ല പട്ടം പറത്തുന്നതു മൂലം ഏകാഗ്രത വര്‍ധിക്കുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
കാലാവസ്ഥാ പഠനം
1830 കളില്‍ കാലാവസ്ഥാ പഠനത്തിന് പട്ടം ഉപയോഗിച്ചിരുന്നു. ആദ്യ കാലത്തെ റിമോട്ട് സെന്‍സിങ് ഉപകരണങ്ങളില്‍ പട്ടം ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നു. 1888 ല്‍ ആര്‍തര്‍ ബട്ടറ്റാണ് കൈറ്റുപയോഗിച്ചിട്ടുള്ള ആദ്യത്തെ ഏരിയല്‍ ചിത്രമെടുത്തത്. പട്ടം നിര്‍മാണത്തിലൂടെയാണ് റൈറ്റ് സഹോദരന്മാരെ വിമാനം കണ്ടുപിടിക്കുന്നതിലേക്ക് നയിച്ചത്്. മാര്‍ക്കോണി റേഡിയോ തരംഗങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തിയതും പട്ടമുപയോഗിച്ചായിരുന്നു. മിലിട്ടറി ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഊര്‍ജോല്‍പ്പാദനത്തിനായും പട്ടം ഉപയോഗിച്ചിരുന്നു.
കുട്ടിക്കളിയല്ല
പല രാജ്യങ്ങളിലും പട്ടം നിര്‍മാണത്തെക്കുറിച്ചും പട്ടം പറത്തലിനെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും പട്ടം പറത്തല്‍ പഠനവിഷയമായുള്ള സ്ഥാപനങ്ങളുമുണ്ട്. ഇവിടെ യഥാര്‍ഥത്തില്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരുടെ വിനോദമാണ് പട്ടംപറത്തല്‍.
നീളം കൂടിയ പട്ടം
ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടമെന്ന ഗിന്നസ് ബുക്ക് റെക്കോഡ്
ചൈനീസ് ഡ്രീം എന്ന പട്ടത്തിനാണ്. ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പറത്തിയ ഈ പട്ടത്തിന്റെ നീളം ആറായിരം മീറ്ററാണ്. രണ്ടായിരത്തോളം വ്യത്യസ്തയിടങ്ങളില്‍ നിന്നായാണ് ഡ്രാഗണ്‍ പട്ടത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മിച്ചെടുത്തത് . നിരവധി പേരുടെ രണ്ടു വര്‍ഷത്തെ അധ്വാനവും പത്തുലക്ഷത്തിലേറെ രൂപയുമാണ് പട്ടത്തിന്റെ നിര്‍മാണത്തിന് ചെലവായത്.
പട്ടം നിര്‍മാണത്തിനും പുസ്തകം
1654 ല്‍ ജോണ്‍ ബെറ്റ് എഴുതിയ മിസ്റ്ററീസ് ഓഫ് നേച്വര്‍ ആന്‍ഡ് ആര്‍ട്ട് പട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ പുസ്തകം.
കൈറ്റ് റണ്ണര്‍
പട്ടം പറത്തലുമായി ബന്ധപ്പെട്ട് നിരവധി സാഹിത്യ കൃതികള്‍ വിപണിയിലുണ്ട്. അഫ്ഗാന്‍-അമേരിക്കന്‍ നോവലിസ്റ്റായ ഖാലിദ് ഹുസൈനിയുടെ ദി കൈറ്റ് റണ്ണര്‍(പട്ടം പറത്തുന്നവന്‍) പട്ടം പറത്തലിന്റെ ഓര്‍മകള്‍ നിറഞ്ഞ മനോഹരമായൊരു നോവലാണ്. എ കൈറ്റ് ജേണി ത്രൂ ഇന്ത്യ, ബെസ്റ്റ് എവര്‍ പേപ്പര്‍ കൈറ്റ്‌സ്, ബിഗ് ബുക്ക് ഓഫ് കൈറ്റ്‌സ്, ഹൗറ്റു ഫ്‌ളൈ എ കൈറ്റ്, ഇന്‍ഡോര്‍ കൈറ്റ് ഫ്‌ളെയിംഗ് തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ പട്ടവുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. ജപ്പാന്‍കാരനായ കാസ്വ നിസാഖ് 1969 മുതല്‍ 87 വരെയുള്ള കാലയളവില്‍ ഏകദേശം ഇരുപത് പുസ്‌കങ്ങളാണ് പട്ടങ്ങളെക്കുറിച്ചെഴുതിയിട്ടുള്ളത്.
കൈറ്റ് ഫെസ്റ്റിവല്‍
പല രാജ്യങ്ങളിലും പട്ടം പറത്തല്‍ മേളകള്‍ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ രാജ്യത്ത് ഗുജറാത്തിലെ അഹമ്മദാബാദില്‍, 2016 ജനുവരിയില്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് മല്‍സരം വീക്ഷിക്കാനായി ഇവിടെയെത്തിയത്.
വിവിധ തരം
രണ്ട് ഈര്‍ക്കില്‍ കമ്പുകളും പത്രവുമുപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഫിലിപ്പൈനിലെ ജനങ്ങളുടെ സ്വന്തം പട്ടമായ ചാപ്പി-ചാപ്പി, അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ സംഭാവനയായ ടെട്രാഹെഡ്‌റല്‍ കൈറ്റ്, ഈസ്റ്റര്‍ ദിനത്തില്‍ ബെര്‍മുഡരാജ്യത്തെ അന്തരീക്ഷത്തില്‍ നിറയുന്ന ബെര്‍മുഡ കൈറ്റ്, മഞ്ഞുകാല കായിക വിനോദങ്ങളിലുപയോഗിക്കുന്ന ബോ കൈറ്റ്, ലോറന്‍സ് ഹാര്‍ഗ്രേവിന്റെ ബോക്‌സ് കൈറ്റ്, വര്‍ണശബളമായ ഡെല്‍റ്റാ കൈറ്റ് തുടങ്ങി ലോകത്ത് വിവിധ തരത്തിലുള്ള പട്ടങ്ങളുണ്ട്.
പട്ടങ്ങളുടെ വിപണനം
ലോകത്ത് വിവിധ കമ്പനികള്‍ പട്ടങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണവും വിപണനവും നടത്തുന്നുണ്ട്. അവരുടെ ഏകോപന സംഘടനയാണ് കെ.ടി.എ.ഐ.(കൈറ്റ് ട്രേഡ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍).
നിര്‍മാണ വസ്തുക്കള്‍
വിവിധ തരത്തിലുള്ള വസ്തുക്കള്‍ പട്ടം നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. മരക്കമ്പുകള്‍, ഈര്‍ക്കില്‍, പത്രത്താളുകള്‍, പ്ലാസ്റ്റിക്, മൃഗങ്ങളുടെ തോല്‍, ലോഹങ്ങള്‍, നൂലുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള വസ്തുക്കള്‍ പട്ടം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
യുദ്ധതന്ത്രം
പട്ടം പറത്തല്‍ പലപ്പോഴും ഒരുതരം യുദ്ധമാകാറുണ്ട്. യുദ്ധത്തില്‍ എതിരാളിയെ തോല്‍പ്പിക്കണമെങ്കില്‍ പല തന്ത്രങ്ങളും വേണമല്ലോ. അവയിലൊന്നാണ് എതിരാളിയുടെ പട്ടത്തിന്റെ ചരട് മുറിച്ചു മാറ്റല്‍. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെന്താണെന്നോ. ഗ്ലാസ് പൊടിച്ച് പശയില്‍ കലര്‍ത്തി പട്ടം പറത്താനുപയോഗിക്കുന്ന ചരടില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഈ ചരട് കൊണ്ടാല്‍ എതിരാളിയുടെ പട്ടത്തിന്റെ ചരട് വേഗത്തില്‍ മുറിയും. മറ്റുള്ള പട്ടങ്ങളെ വെട്ടിമാറ്റി മല്‍സരത്തില്‍ ഏറ്റവും അവസാനം ആകാശത്ത് ബാക്കിയാകുന്ന പട്ടമായിരിക്കും വിജയിക്കുക. പരമ്പരാഗതമായി കഞ്ഞിപ്പശ, മരപ്പശ തുടങ്ങിയവയാണ് പട്ടത്തിന്റെ ചരടില്‍ തേച്ചു പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
കൈറ്റ് റണ്ണിംഗ്
വെട്ടിമാറ്റിയ പട്ടം നിലത്തു വീഴും മുമ്പേ പിടിക്കുന്നതും മല്‍സരത്തിന്റെ ഭാഗമാണ്. രണ്ടു പട്ടങ്ങള്‍ മാത്രം ബാക്കിയാകുമ്പോഴാണ് ഇതിനുള്ള പ്രാധാന്യം വര്‍ധിക്കുക. കാറ്റില്‍ മീറ്ററുകളോളം പൊങ്ങി പറന്ന ശേഷം താഴേക്കു വീഴുന്ന പട്ടം പിടിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഓടുന്നതും പതിവാണ്. ഈ ഓട്ടത്തിന് കൈറ്റ് റണ്ണിംഗ് എന്നാണ് പറയുക. ഫൈനലില്‍ പരാജയപ്പെടുന്ന പട്ടം കൈവശംവയ്ക്കുന്നത് വിജയിക്കു ലഭിക്കുന്ന കപ്പിന് തുല്യമാണ്. പലപ്പോഴും ഈ ഓട്ടം പല അപകടങ്ങള്‍ക്കും വഴിവയ്ക്കും.
മരക്കൊമ്പുകള്‍, ഇലക്ട്രിക് ലൈനുകള്‍, കുന്നിന്‍ ചെരിവുകള്‍, കുഴികള്‍, ജലാശയങ്ങള്‍ എന്നിങ്ങനെ വിവിധ പ്രതിബന്ധങ്ങളെ കൈറ്റ് റണ്ണര്‍ക്കു നേരിടേണ്ടി വരുമല്ലോ. പലപ്പോഴും ഓടുന്ന ആളുടെ ശ്രദ്ധ പട്ടത്തില്‍ മാത്രമായിരിക്കും. ഫലമോ അപകടങ്ങളെ സ്വയം വിളിച്ചുവരുത്തും.
അഫ്ഗാന്‍ പെരുമ
പട്ടം പറത്തുന്നത് അഫ്ഗാനിസ്ഥാനിലെ മുഖ്യ കായിക ഇനമായിരുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തോളമായി അഫ്ഗാനിസ്ഥാനിലെ തെരുവുകളില്‍ ഈ വിനോദമാണ് അരങ്ങേറിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പട്ടം പറത്തല്‍ നിരോധിച്ചതോടെയാണ് ഇതിനു കുറവു വന്നത്. വെള്ളിയാഴ്ചകളിലാണ് പട്ടം പറത്തല്‍ മുഖ്യമായും നടക്കുക. ഒരു കാലത്ത് അഫ്ഗാന്‍ നാഷണല്‍ ഗെയിംസിലെ ഒരു മല്‍സരയിനമായിരുന്നു പട്ടംപറത്തല്‍. നോര്‍ത്ത് കാബൂളിലെ ചമാന്‍ -ഇ-ബബ്‌റാക് പട്ടം പറത്തലിനു പേരു കേട്ട പ്രദേശമാണ്. പട്ടം പറത്തി കൈമുറിയാത്ത ഒരാള്‍ പോലും അഫ്ഗാനിലുണ്ടായിരുന്നില്ലെന്ന് ആ കാലത്തൊരു ചൊല്ലുണ്ടായിരുന്നു.
പട്ടവും തിരുവനന്തപുരവും
തിരുവനന്തപുരത്തെ ഒരു സ്ഥലനാമം കൂടിയാണ് പട്ടം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനം പട്ടത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."