ഇസ്‌റാഈലില്‍ കാട്ടുതീ: ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ജറുസലേം: ഇസ്‌റാഈലിലെ ഹൈഫയില്‍ കാട്ടുതീ രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ച്ചയായ നാലാംദിനത്തിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ല. തീയണയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, പുക ശ്വസിച്ചതിനെ തുടര്‍ന്ന് 35ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി കെട്ടിടങ്ങളും നൂറു കണക്കിന് വീടുകളും കത്തയമര്‍ന്നു. ആയിരക്കണക്കിനാളുകളെ വിവിധയിടങ്ങളില്‍ നിന്നായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലാണ് ഏറ്റവുമധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. അതേസമയം, മനഃപൂര്‍വം തീവച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇതെന്ന് സംശയിക്കുന്നതായി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ ജറൂസലേമില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഫലസ്തീന്‍ പൗരന്‍ ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന് പൊലിസ് വ്യക്തമാക്കി. ഇയാള്‍ വനത്തില്‍ തീയിട്ടെന്നാണ് പൊലിസിന്റെ ആരോപണം.
തീപടര്‍ന്നതിനെ തുടര്‍ന്ന് ഹൈഫ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിരവധിയാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മോദി ഈന്‍ നഗരത്തില്‍ ഇപ്പോഴും കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്. ഇവിടുത്തെ സ്‌കൂളുകള്‍ അടച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡുകളും അടച്ചിട്ടു. ചൂടു കൂടിയതും കാറ്റ് വര്‍ധിച്ചതുമാണ് തീ പടരുന്നതിന് കാരണമാകുന്നത്.
തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നും ഹൈഫയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അഗ്നിശമന സേനാ വക്താവ് കായെദ് ദാഹര്‍ പറഞ്ഞു. വൈദ്യുതി ലൈനുകള്‍ പലതും തകരാറിലായതിനാല്‍ ഇസ്‌റാഈല്‍ വൈദ്യുത കമ്പനിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജറൂസലേമിനു സമീപമുള്ള നേവ് ശാലോം എന്ന സ്ഥലത്തു നിന്നാണ് അഗ്നിബാധ തുടങ്ങിയതെന്നാണ് വിവരം. അതിനിടെ, നിരവധി രാജ്യങ്ങള്‍ ഇസ്രാഈലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സൈപ്രസ്, റഷ്യ, ഇറ്റലി, ക്രൊയേഷ്യ, ഗ്രീസ് എന്നിവര്‍ ഇസ്രാഈലിന് അടിയന്തര സഹായം എത്തിച്ചു. സൈപ്രസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി നാലു വിമാനങ്ങളും 49 രക്ഷാപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."