യു.എസ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ഐ.ടി വിദഗ്ധര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ഐ.ടി വിദഗ്ധര്‍. വിസ്‌കോന്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയ തന്ത്രപ്രധാന സംസ്ഥാനങ്ങളിലാണ് അട്ടിമറിയെന്നും ഇവര്‍ ആരോപിക്കുന്നു. ഈ മൂന്നു സംസ്ഥാനങ്ങളിലും ട്രംപിനായിരുന്നു വിജയം. ഹാക്കര്‍മാര്‍ ട്രംപിന് അനുകൂലമായി വോട്ടെടുപ്പിനെ മാറ്റിയെന്നും അതിനാല്‍ വീണ്ടും വോട്ടെണ്ണണമെന്നുമാണ് ആവശ്യം.
വോട്ടവകാശ അഭിഭാഷകരായ ജോണ്‍ ബോനിഫാസ്, മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സെക്യൂരിറ്റി ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ അലക്‌സ് ഹാള്‍ഡര്‍മാന്‍ എന്നിവരാണ് അട്ടിമറി വാര്‍ത്ത പുറത്തുവിട്ടത്.
ഇവര്‍ ഹിലരി ക്ലിന്റന് വിവരം കൈമാറിയിട്ടുണ്ട്. വീണ്ടും വോട്ട് എണ്ണാന്‍ ആവശ്യപ്പെടണമെന്നും ഹിലരിയോട് ഹാള്‍ഡര്‍മാന്‍ നിര്‍ദേശിച്ചു. വിന്‍സ്‌കോന്‍സിന്‍, പെന്‍സില്‍വാനിയ, മിഷിഗണ്‍ സംസ്ഥാനങ്ങളില്‍ ട്രംപ് നേരിയ വോട്ടിനാണ് വിജയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഇവിടെ. ഇത് സംശയാസ്പദമാണ്. ഇതേരീതി പിന്തുടരുന്ന മറ്റിടങ്ങളിലും സമാനമായ അനുഭവമാണുള്ളതെന്നും ഹാള്‍ഡര്‍മാന്‍ പറഞ്ഞു.
അഭിപ്രായ വോട്ടെടുപ്പില്‍ ഇവിടങ്ങളിലൊക്കെ ഹിലരിക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നു. അതിനാല്‍ ഫലങ്ങള്‍ അംഗീകരിക്കാനാവില്ല. പോപ്പുലര്‍ വോട്ടില്‍ ഹിലരിക്ക് 20 ലക്ഷത്തിന്റെ ലീഡുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് രീതി പിന്തുടരുന്ന സംസ്ഥാനങ്ങളില്‍ ഏഴു ശതമാനത്തോളം വോട്ടാണ് ഹിലരിക്ക് കുറഞ്ഞത്. വിന്‍സ്‌കോന്‍സിനില്‍ 30,000ത്തോളം വോട്ടിന്റെ കൃത്രിമം നടന്നിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടെടുപ്പിന്റെ ദോഷങ്ങള്‍ ഒരു രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുകയാണെന്നും ഹാള്‍ഡര്‍മാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഹാക്കിങ് മാത്രമാണ് തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിച്ചതെന്നു പറയാനാകില്ല. കൃത്രിമമായ മറ്റു മാര്‍ഗങ്ങളും ഉണ്ടാവണം. റഷ്യയുടെ ഇടപെടലുണ്ടായി എന്ന ആശങ്കയും തള്ളിക്കളയാനാവില്ല. ഇക്കാര്യം കൃത്യമായി പറയണമെങ്കില്‍ വീണ്ടും വോട്ടെണ്ണണമെന്നും ഹാള്‍ഡര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗ്രീന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജില്‍ സ്റ്റെയ്ന്‍ വോട്ട് വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് വ്യക്തമാക്കി.
ഇതിനായി ഓണ്‍ലൈന്‍ ഫണ്ട്‌റേസിങ് പേജും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ കെട്ടിവയ്‌ക്കേണ്ട തുക ലഭിച്ചെന്ന് ജില്‍ പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെങ്കില്‍ ഏഴു മില്യണാണ് കെട്ടിവയ്‌ക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."