ജീവിതമാര്‍ഗത്തിലേക്ക് ബസ് ഇരച്ചുകയറിയിട്ട് മൂന്നുമാസം; സഹായംലഭിക്കാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍
നിലമ്പൂര്‍: ബസപകടത്തില്‍ തകര്‍ന്ന കുടുംബശ്രീ കഫേ അറ്റകുറ്റപ്പണി നടത്താന്‍ ഡി.ടി.പി.സി തയാറാകാത്തതു പ്രതിഷേധത്തിനിടയാകുന്നു. കഫേ നടത്തിപ്പുകരായ വനിതകളുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. അപകടം നടന്നു മൂന്നു മാസം പിന്നിട്ടിട്ടും തകര്‍ന്ന കഫേ പൂര്‍വസ്ഥിതിയിലാക്കാന്‍ ഡി.ടി.പിസി തയാറായിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് സ്വകാര്യ ബസ് ഇടിച്ചുകയറി വടപുറം കനോലി പ്ലോട്ടിനു സമീപം സി.എന്‍.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേ തകര്‍ന്നത്. ഇതോടെ കഫേയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ ദുരിതത്തിലായി. നാലു ലക്ഷം രൂപ നിലമ്പൂര്‍ വിജയ ബാങ്കില്‍നിന്നു വായ്പയെടുത്തും മറ്റുമാണ് വനിതകള്‍ കഫേ തുടങ്ങിയിരുന്നത്.
ഇന്‍ഷുറന്‍സ് നടപടികള്‍ക്കു വിധേയമായി മുന്നോട്ടുപോകുമെന്നാണ് ഉടമ അറിയിച്ചിരിക്കുന്നത്. ഈ കേസ് എന്നു തീരുമെന്നും ഇതു പുനര്‍നിര്‍മിക്കാനുള്ള തുക കിട്ടുമോയെന്നതും കഫേ നടത്തുന്ന വനിതകള്‍ക്കറിയില്ല.
ഇക്കാര്യത്തില്‍ നഗരസഭയും ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സില്‍ ഓഫിസും കയറിയിറങ്ങുകയാണ് കുടുംബശ്രീ അംഗങ്ങള്‍. ഡ്രൈവറുടെ അശ്രദ്ധയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് കഫേയിലേക്കു പാഞ്ഞുകയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. കഫേ പൂര്‍ണമായും തകരുകയും ചെയ്തു. അപകടം നടന്ന സമയം കഫേ തുറക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിവായിരുന്നത്.
ടൂറിസം വകുപ്പിനു കീഴിലുള്ള കഫേ നഗരസഭയിലെ മുക്കട്ട ഡിവിഷനിലെ തണല്‍ കുടുംബശ്രീ യൂനിറ്റിലെ കാട്ടുങ്ങല്‍ സാജിദയുടെ നേതൃത്വത്തില്‍ അഞ്ചുപേരാണ് നടത്തുന്നത്.
ഇതില്‍ മൂന്ന് പേര്‍ സ്ഥിരമായി കടയില്‍ നില്‍ക്കാറുണ്ട്. സാജിദയെകൂടാതെ ഉമ്മുസല്‍മ, റജിദ് എന്നിവരാണ് മറ്റു രണ്ടുപേര്‍. ചായ, പലഹാരങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിവയാണ് ഇവിടെ വില്‍പനയ്ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."