പാറമടയ്ക്ക് അനുമതി: ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സി.പി.എമ്മില്‍ കലാപക്കൊടി
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പുതിയ ക്വാറിക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു സി.പി.എമ്മില്‍ ഭിന്നത. നൂറുകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന ചെക്കുന്ന് മലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ ക്വാറിക്ക് അനുമതി നല്‍കിയതാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നത്തിനു കാരണം.
ഇതിനിടെ അഞ്ച്, ആറ് വാര്‍ഡുകളിലെ അംഗങ്ങളായ ഗീതയുടെയും ശഹീനയുടെയും കോലമുണ്ടാക്കി അവരുടെ വീട്ടുപടിക്കല്‍തന്നെ പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു. ഇതിനു പുറമേ പഞ്ചായത്ത് പ്രസിഡന്റിനെതിരേ മുദ്രാവാക്യം വിളിച്ചു പ്രതിഷേധ പ്രകടനങ്ങളും നടന്നു. പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകര്‍ ചേര്‍ന്നു പ്രദേശത്തുള്ള സി.പി.എമ്മിന്റെ ബോര്‍ഡുകള്‍ നീക്കംചെയ്യുകയും കൊടികള്‍ അഴിച്ചുമാറ്റുകയും പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും പേര് മുദ്രണം ചെയ്ത ഇലക്ട്രിക് പോസ്റ്റുകളില്‍ കരിഓയില്‍ പ്രയോഗം നടത്തുകയും ചെയ്തിട്ടുണ്ട്. തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. തച്ചാംപറമ്പ്, പൂവത്തിക്കല്‍, വേഴക്കോട് വാര്‍ഡുകളിലെ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. അടുത്ത ദിവസം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ഒരുക്കത്തിലാണിവര്‍.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് കൊല്ലംകൊല്ലിയില്‍ ക്വാറി തുടങ്ങാന്‍ ലൈസന്‍സ് നല്‍കാമെന്ന തീരുമാനമെടുത്തത്. കോടതി ഉത്തരവ് പാലിക്കാതിരുന്നാല്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നതിനാലാണ് ക്വാറിക്ക് അനുമതി നല്‍കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ പറഞ്ഞത്. എന്നാല്‍, തച്ചാംപറമ്പ്, വേഴക്കോട്, പൂവത്തിക്കല്‍ വാര്‍ഡുകളില്‍ ഗ്രാമസഭ ചേര്‍ന്നു ക്വാറിക്കെതിരേ പ്രമേയം പാസാക്കുകയും ചെക്കുന്ന് മല സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന് ലഭിച്ച ഉത്തരവിനെ മറയാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് ഭരണസമിതി ചെയ്തതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."