പാരഡികളും നാടകവും: രാഷ്ട്രീയം മറന്ന രാപ്പകല്‍ സമരം ആഘോഷമാക്കി എല്‍.ഡി.എഫ്
അരീക്കോട്: നോട്ട് അസാധുവാക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരം ആഘോഷമാക്കിമാറ്റി പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയെ പരിഹസിച്ചും ജനശ്രദ്ധയാകര്‍ഷിച്ചുമായിരുന്നു സമരം.
രാവിലെ എട്ടിനു പ്രകടനത്തോടെ തുടങ്ങിയ സമരത്തില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്. ചിലയിടങ്ങളില്‍ നാടന്‍ പാട്ടും നാടകവും അരങ്ങേറിയപ്പോള്‍ മറ്റിടങ്ങളില്‍ മാപ്പിളപ്പാട്ടും ഒപ്പനയും മോദിക്കെതിരേയുള്ള പാരഡി ഗാനങ്ങളും അരങ്ങുതകര്‍ത്തു. കൊച്ചുകുട്ടികളുടെ കലാപരിപാടികളും സമരപന്തലില്‍ തിമര്‍ത്താടിയപ്പോള്‍ രാഷ്ട്രീയം മറന്നുള്ള ജനശ്രദ്ധയും ലഭിച്ചു.
പ്രായം വകവയ്ക്കാതെ പ്രായംചെന്നവരും സമരപ്പന്തലിലെത്തി പ്രതിഷേധമറിയിച്ചു. ചിലയിടങ്ങളില്‍ വഴിയാത്രക്കാര്‍ക്കെല്ലാം പ്രവര്‍ത്തകര്‍ സൗജന്യ ഭക്ഷണവും നല്‍കി. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കുചേര്‍ന്നത്. വിഷയത്തില്‍ ഇടതുസര്‍ക്കാറിനു പിന്തുണര്‍പ്പിച്ച യു.ഡി.എഫ് നേതൃത്വത്തിന് അഭിനന്ദനം നേരാനും സമരപ്പന്തല്‍ വേദിയായി.
അരീക്കോട്ട് മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.വി സ്വലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ. അപ്പു അധ്യക്ഷനായി. കെ.വി ജയപ്രകാശ്, അത്തിക്കല്‍ മുഹമ്മദ് സംസാരിച്ചു. കിഴുപറമ്പില്‍ പി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പാലത്തിങ്ങല്‍ ഭാസ്‌കരന്‍ അധ്യക്ഷനായി. ഖാലിദ് മഞ്ചേരി, പി.സി ചെറിയാത്തന്‍, കെ.വി മുനീര്‍ സംസാരിച്ചു. കിഴിശ്ശേരിയില്‍ ഐ.ടി നജീബ് ഉദ്ഘാടനം ചെയ്തു. പി.കെ കുട്ടിരായീന്‍ അധ്യക്ഷനായി. കെ. ഭാസ്‌കരന്‍, ബാബു മാങ്കാവ് സംസാരിച്ചു. കാവനൂരില്‍ എന്‍.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി. രാമചന്ദ്രന്‍, കെ.പരമേശ്വരന്‍ മാസ്റ്റര്‍ സംസാരിച്ചു. ഊര്‍ങ്ങാട്ടീരിയില്‍ പി.കെ മണി ഉദ്ഘാടനം ചെയ്തു. കെ. പാര്‍വതി അധ്യക്ഷയായി. ഇ.പി അന്‍വര്‍, യു. ശമീര്‍, പി. അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."