'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി കുട്ടി പൊലിസുകാര്‍
പാറക്കടവ്: ശുഭയാത്ര റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കാഡറ്റുകള്‍ വളയം പൊലിസിന്റെ നേതൃത്വത്തില്‍ പാറക്കടവ് ടൗണില്‍ നടത്തിയ ശുഭയാത്ര റോഡ് ബോധവല്‍ക്കരണ പരിപാടി ശ്രദ്ദേയമായി. വാഹനങ്ങള്‍ പരിശോധിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് കേഡറ്റുകള്‍ ബോധവല്‍ക്കരണം നല്‍കി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഡ്രൈവ് ചെയ്യുന്നവരേയും അവ ഉപയോഗിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതോടൊപ്പം ഒരു കുടുംബം അവരെ കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെയും അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെയും കുട്ടി പൊലിസുകാര്‍ ബോധവല്‍ക്കരണവും സ്‌നേഹ ഉപദേശവും നല്‍കി . ഇത്തരം നിയമം പാലിക്കാതെയെത്തുന്നവര്‍ക്ക് ഇനി മുതല്‍ നിയമം പാലിക്കുമെന്ന പ്രതിജ്ഞയെടുപ്പിക്കാനും റെഡ് കാര്‍ഡുകള്‍ നല്‍കാനും നിയമം പാലിച്ചെത്തുന്നവര്‍ക്ക് മധുര പലഹാരം നല്‍കാനും ഈ കാഡറ്റുകള്‍ മറന്നില്ല. വളയം എസ്. ഐ നിപുണ്‍ ശങ്കര്‍, കമ്മ്യൂണിറ്റി പൊലിസ് ഓഫീസര്‍ പി.പി അബ്ദുല്‍ ഹമീദ് , സിവില്‍ പൊലിസ് ഓഫീസര്‍മാരായ സുബിത, നവാസ് എന്നിവര്‍ എസ്.പി.സി കേഡറ്റുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."