അസിസ്റ്റന്റ് കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ഹോട്ടല്‍ അടപ്പിച്ചു
വടകര: ഹോട്ടലില്‍ നിന്നു വരുത്തിയ വെജിറ്റബിള്‍ ബിരിയാണി കഴിച്ച അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖരന് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തിയ ശേഷം ഹോട്ടല്‍ അടപ്പിച്ചു.
കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസില്‍ പരിശോധനക്കെത്തിയ അസിസ്റ്റന്റ് കലക്ടര്‍ വടകര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വച്ചാണ് ഹോട്ടല്‍ ബ്ലൂഡയമണ്ടില്‍ നിന്നും വരുത്തിയ വെജിറ്റബിള്‍ ബിരിയാണി കഴിച്ചത്. ഇതിനുശേഷം മടക്കയാത്രയില്‍ കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതേതുടര്‍ന്നാണ് കോഴിക്കോടു നിന്നെത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ ഒ. ശങ്കരനുണ്ണിയുടെ നേതൃത്വത്തിലുള്ള ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയത്.
വൃത്തിഹീനമായ അടുക്കള കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചിടാന്‍ നോട്ടിസ് നല്‍കി. ഭക്ഷണത്തിന്റെ സാംപിളും സംഘം ശേഖരിച്ചു. തൈരില്‍ നിന്നാണ് വിഷബാധയേറ്റതെന്ന സംശയത്തെ തുടര്‍ന്ന് തൈര് വില്‍പന നടത്തിയ എടോടിയിലെ രവീന്ദ്ര ഹോട്ടലിലും സംഘം പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. വൃത്തിഹീനമായ ചുറ്റുപാടിലാണ് തൈര് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തിയ പരിശോധക സംഘം ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി. ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ കെ. വിനോദ്കുമാര്‍, പി.ജെ വര്‍ഗീസ് എന്നിവരും കമ്മിഷണറോടൊപ്പമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."