പ്രാഥമിക സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയിലേക്ക്
കണ്ണൂര്‍: ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഹൈക്കോടതിയിലേക്ക്. പ്രാഥമിക സഹകരണ ബാങ്കുകള്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജില്ലാ ബാങ്കുകള്‍ക്ക് കൈമാറിയ നിലവിലുള്ള പഴയ നോട്ടിനു പകരം പുതിയ നോട്ട് അനുവദിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി അടുത്ത ചൊവ്വാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേരളാ പ്രൈമറി കോഓപറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രാഥമിക സഹകരണ സംഘങ്ങളിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപ ജില്ലാ ബാങ്കില്‍ നിക്ഷേപിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ജില്ലാ ബാങ്കുകളില്‍ നിന്നു പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് തിരികെ നല്‍കുന്നത് വ്യക്തികള്‍ക്ക് നല്‍കുന്ന തുക മാത്രമാണ്. ഈ പണം കൊണ്ട് ആയിരക്കണക്കിന് ഇടപാടുകാരുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ഏഴു വര്‍ഷമായി കൃത്യമായി നടക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.എസ്.എ ജില്ലാ പ്രസിഡന്റ് വി കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി കെ നാരായണന്‍, വൈസ് പ്രസിഡന്റ് എം.എന്‍ രവീന്ദ്രന്‍, കെ അച്യുതന്‍, മാടായി റൂറല്‍ ബാങ്ക് സെക്രട്ടറി പി.പി രവീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."