സഹകരണ ബാങ്ക് : ചെക്കില്‍ കുടുങ്ങി ഇടപാടുകാര്‍
കണ്ണൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ ചെക്കുകളുമായി വട്ടം ചുറ്റുന്നു.
നിലവില്‍ സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ സഹകരണ ബാങ്കിലെ ചെക്ക് അത്തരം ബാങ്കുകളില്‍ നല്കി പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകളില്‍ ഇടപാടുകാര്‍ നല്കുന്ന ചെക്ക് പ്രാഥമിക സഹകരണ ബാങ്കുകളിലെത്തിയാല്‍ പണം നല്കാനില്ലാത്തതിനാല് ഇത്തരം ബാങ്കുകള്‍ റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ജില്ലാ ബാങ്കുകളുടെ ചെക്കുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അക്കൗണ്ടുള്ള ജില്ലാ ബാങ്കുകളില്‍ ഈ ചെക്ക് എത്തിയാല്‍ മാത്രമേ സഹകരണ ബാങ്ക് ഇടപാടുകാരന്റെ അക്കൗണ്ടില്‍ പണം എത്തുകയുള്ളൂ. ഈ ക്രയവിക്രയങ്ങള്‍ക്കെല്ലാം ദിവസങ്ങളെടുക്കുന്നതിനാല് അത്യാവശ്യത്തിനു പണം ലഭിക്കാതെ സഹകരണ ബാങ്ക് ഇടപാടുകാര്‍ വലയുകയാണ്.
നേരത്തെ വിവാഹം പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കായി സഹകരണ ബാങ്കുകളില്‍ നിന്നു വായ്പ അനുവദിക്കപ്പെട്ട ഇടപാടുകാരും ചെക്ക് ഇടപാടില്‍ നെട്ടോട്ടമോടുകയാണ്. അനുവദിക്കപ്പെട്ട വായ്പാ തുകയ്ക്കുള്ള ചെക്ക് തങ്ങള്‍ക്ക് അക്കൗണ്ടുള്ള ജില്ലാ ബാങ്കിലേക്കാണ് സഹകരണ ബാങ്കുകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇത്തരം ചെക്കുകളുമായി ജില്ലാ ബാങ്കിലെത്തുന്നവര്‍ക്ക് ജില്ലാ ബാങ്ക് നേരിട്ട് ചെക്ക് മാറി നല്‍കില്ല. പകരം ഇടപാടുകാരന് ജില്ലാ ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങി അതിലേക്കാണ് ചെക്കിലെ തുക അനുവദിക്കുക. ഇങ്ങനെ വന്നാല്‍ ദിവസം 24,000 രൂപവരെ മാത്രമാണ് ഇടപാടുകാരന് പിന്‍വലിക്കാനാവുക. അഞ്ചു ലക്ഷം വരെയുള്ള പണം ഇത്തരത്തില്‍ പല ദിവസമെടുത്താണ് പിന്വലിക്കാനാവുകയെന്നതും ചെക്കുമായി ബാങ്കുകള്‍ കയറിയിറങ്ങുന്നതും നിരവധി അക്കൗണ്ട് എടുക്കേണ്ടി വരുന്നതും ഇടപാടുകാരനെ കഷ്ടപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."