പവിത്രന്‍ വധം: സുബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൂത്തുപറമ്പ്: സി.പി.എം ചിറ്റാരിപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷിന്റെ അറസ്റ്റ് കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു രേഖപ്പെടുത്തി.
സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കെ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുബീഷിനെ ഇന്നലെ ഉച്ചയോടെയാണ് സി.ഐ സുരേഷ് ബാബു ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സി.പി.എം ചിറ്റാരിപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം തൊടീക്കളത്തെ ജി പവിത്രന്റെ കൊലപാതക സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് സുബീഷ് കുറ്റസമ്മത മൊഴി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലിസ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയ പ്രകാരം പവിത്രന്‍ വധക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പവിത്രന്‍ വധക്കേസില്‍ സുബീഷിനെ റിമാന്‍ഡു ചെയ്തുകിട്ടാന്‍ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് ഇന്നലെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്‍ഡും നല്‍കിയിരുന്നു. ഹരജി അനുവദിച്ച മജിസ്‌ട്രേറ്റ് സുബീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."