എ.ടി.എമ്മില്‍ 2000 നോട്ടിന്റെ ആധിക്യം, 500 ന്റെ നോട്ട് കിട്ടാനില്ല; കാരണമെന്ത്?
മുംബൈ: ഇപ്പോള്‍ എവിടെ പോയാലും 2000 രൂപയുടെ പിങ്ക് നോട്ട് മാത്രമേ കാണാനുള്ളൂ. 500 രൂപയുടെ നോട്ട് ഇറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കിട്ടാന്‍ ഏറെ പ്രയാസം. 2000 ത്തിന്റെ നോട്ട് ഇറക്കുന്നതിനു മുന്‍പേ 500 ന്റെ നോട്ട് ഇറക്കിയിരുന്നെങ്കില്‍ ഇന്നു കാണുന്ന പുകിലൊന്നും ഉണ്ടാവുമായിരുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്?
സംഭവമൊന്നുമില്ല, 2000 രൂപയുടെ നോട്ട് പ്രിന്റ് ചെയ്തത് റിസര്‍വ്വ് ബാങ്കിന്റെ സ്വന്തം പ്രസിലാണ്. അതേസമയം, 500 രൂപയുടെ നോട്ട് പ്രിന്റ് ചെയ്തത് സര്‍ക്കാരിന്റെ കീഴിലുള്ള മഹാരാഷ്ട്രയിലെ നാസിക്, മധ്യപ്രദേശിലെ ദേവാസ് എന്നിവിടങ്ങളിലെ പ്രസിലാണ്. നോട്ട് പിന്‍വലിക്കലില്‍ ആര്‍.ബി.ഐക്ക് ഒരു പരിഗണനയും സര്‍ക്കാര്‍ നല്‍കാത്തതാണ് വലിയ തിരിച്ചടിയായത്. ഇത് ആര്‍.ബി.ഐ ഉദ്യോഗസ്ഥരും തുറന്നു പറയുന്നുണ്ട്. 500 രൂപയുടെ നോട്ട് വിതരണം ചെയ്യുന്നതില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നും ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ധനമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കു ശേഷം നോട്ടിഫിക്കേഷന്‍ നല്‍കുക മാത്രമായിരുന്നു തങ്ങളുടെ ജോലിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ആര്‍.ബി.ഐയുടെ കണക്കു പ്രകാരം, മൊത്തം നോട്ടുകളുടെ എണ്ണം 9026.6 കോടിയാണ്. ഇതില്‍ 24 ശതമാനം വരുന്നത് 500, 1000 ഡിനോമിനേഷനിലുള്ളതും. ഈ നോട്ടുകളെല്ലാം പിന്‍വലിച്ചതോടെ രാജ്യത്ത് വലിയ പണപ്രതിസന്ധിയുണ്ടായി. ഇത്രയും നോട്ടുകള്‍ വീണ്ടും വിന്യസിക്കാന്‍ ഏഴു മാസം വേണ്ടിവരുമെന്ന് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം കണക്കുകൂട്ടി പറയുന്നുണ്ട്.
ഈ രണ്ട് ഡിനോമിനേഷനിലുമായി 2100 കോടി നോട്ടുകള്‍ ഉണ്ടെന്നാണ് ചിദംബരം പറയുന്നത്. രാജ്യത്തെ എല്ലാ പ്രസുകളും ആവോളം പ്രവര്‍ത്തിച്ചാലും മാസം 300 കോടി നോട്ടുകള്‍ മാത്രമേ പ്രിന്റ് ചെയ്യാനാവുകയുള്ളു. ഇങ്ങനെ വന്നാല്‍ ഇതേ ഡിനോമിനേഷനില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഏഴു മാസമെടുക്കുമെന്നും അതുകൊണ്ടാണ് രണ്ടായിരത്തിന്റെ നോട്ട് പുറത്തിറക്കിയതെന്നും ചിദംബരം പറയുന്നു.
അതായത്, സര്‍ക്കാര്‍ ആദ്യം 2000 ത്തിന്റെ നോട്ട് പുറത്തിറക്കിയത് പണപ്രതിസന്ധി കുറയ്ക്കാനാണ്. എന്നാല്‍ വിപണിയിലെത്തിയപ്പോള്‍ അതിനു താഴെയുള്ള ചെറിയ ഡിനോമിനേഷന്‍ 100 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അതിലും വലിയ പ്രതിസന്ധിയുണ്ടാക്കി. ഇത് മുന്‍കൂട്ടി കാണാനും സര്‍ക്കാരിനായില്ല.
പണം പിന്‍വലിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ക്കു തന്നെ 2000 രൂപയുടെ നോട്ട് ബാങ്കുകള്‍ വഴിയും പിന്നീട് എ.ടി.എമ്മുകള്‍ വഴിയും ലഭിക്കാന്‍ തുടങ്ങിയെങ്കിലും റീട്ടെയില്‍ ചെറുകിട വിപണിയില്‍ അതുകൊണ്ട് ഒരു കാര്യവുമുണ്ടായില്ല. 500 ന്റെ നോട്ട് വരുന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. ഇതിപ്പോള്‍ ആവശ്യത്തിന് തികയുന്നില്ല. എ.ടി.എമ്മിലും തല്‍സ്ഥിതി തന്നെ തുടരുകയാണ്. 2000 രൂപയുടെ നോട്ട് സുലഭം. 500 രൂപയുടെ നോട്ട് കാണാനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."