ഐ.എസ് ആശയപ്രചാരകന്‍ സമീര്‍ അലി ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും സജീവം
കനകമലയില്‍ നിന്ന് ഒക്ടോബറില്‍ എന്‍.ഐ.എ പിടികൂടിയവരില്‍പ്പെട്ട മന്‍സീദ് എന്നയാളാണ് സമീര്‍ അലിക്കു പിന്നിലെന്ന് പൊലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. എന്നാല്‍, മന്‍സീദ് എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുമ്പോഴും സമീര്‍ അലി എന്ന അക്കൗണ്ട് ഫെയ്‌സ്ബുക്കില്‍ സജീവമാണെന്ന് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സമീര്‍ അലി എന്ന അക്കൗണ്ട് അപ്രത്യക്ഷമായത്. എന്നാല്‍ അടുത്തിടെ വീണ്ടും സജീവമായി തുടങ്ങിയ സമീര്‍ അലി, നിരവധി പേര്‍ക്കാണ് സൗഹൃദ അപേക്ഷ അയച്ചത്.
ഇതിനു പുറമെ, തീവ്രനിലപാടുള്ള മുസ്‌ലിം ചെറുപ്പക്കാരെ വലവീശിപിടിക്കുകയെന്ന ഉദ്ദേശത്തോടെ നിരവധി ഐ.എസ് അനുകൂല വ്യാജ അക്കൗണ്ടുകളും ഫേസ്ബുക്കില്‍ സജീവമാണ്. എന്നാല്‍ ഇവയില്‍ ഏറ്റവും സജീവം സമീര്‍ അലിയാണ്.
ഇന്നു ഉച്ചയ്ക്കാണ് അവസാനമായി സമീര്‍ അലി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. മാസങ്ങള്‍ക്കു മുമ്പ് ഏതാനും മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് കേരളത്തിലെ ഐ.എസ് സാന്നിധ്യം ചര്‍ച്ചയായത്.
അന്നു മുതല്‍ ഇന്നുവരെ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അക്കൗണ്ടുകള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താനോ അവ പൂട്ടാനോ രഹസ്യാന്വേഷണ വിഭാഗത്തിനും പൊലിസിനും കഴിഞ്ഞിട്ടില്ല.
മുസ്‌ലിംകളിലെ തീവ്ര ആശയക്കാരെ വലയിട്ടുപിടിക്കാനായി രഹസ്യാന്വേഷണ വിഭാഗമാണ് 'സമീര്‍ അലി'ക്കും മറ്റു ചില അക്കൗണ്ടുകള്‍ക്കും പിന്നിലെന്ന് ആരോപണമുണ്ട്. ഐ.എസ് അനുകൂലികളെ കണ്ടെത്താനായി അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ പൊലിസ് നേരിട്ടു തന്നെ ഐ.എസ് അനുകൂല പേജുകളും ബ്ലോഗുകളും നടത്തുകയും അതിലെ പതിവു സന്ദര്‍ശകരെ പിടികൂടുകയോ അവരോട് പ്രത്യേക സ്ഥലങ്ങളില്‍ സംഗമിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷം 'ഐ.എസ് അനുകൂല യോഗം ചേര്‍ന്നവരെ' പിടികൂടുകയോ ചെയ്യാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."