ഐ.സി.സി തെരഞ്ഞെടുപ്പ്; മിലന്‍ അരുണ്‍ പാനലിന് വിജയം
ദോഹ: ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) തിരഞ്ഞെടുപ്പില്‍ മിലന്‍ അരുണിന്റെ നേതൃത്വത്തിലുള്ള പാനലിന് മികച്ച വിജയം. പോള്‍ ചെയ്ത വോട്ടുകളില്‍ മികച്ച ഭൂരിപക്ഷവുമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിലന്‍ അരുണും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായി സുരേഷ്ബാബു എന്ന സുരേഷ് കരിയാട്, എ.പി മണികണ്ഠന്‍, അഡ്വ. ജാഫര്‍ഖാന്‍, ജൂട്ടാസ് പോള്‍, കെ.എസ് പ്രസാദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അര്‍ധരാത്രിയോടെയാണ് പുറത്തുവന്നത്.
മിലന്‍ അരുണ്‍ 863, സുരേഷ് ബാബു 738, അഡ്വ. ജാഫര്‍ഖാന്‍ 722, ജുട്ടാസ് പോള്‍ 713, എ പി മണികണ്ഠന്‍ 817, കെ എസ് പ്രസാദ് 621 എന്നിങ്ങനെയാണ് വിജയികള്‍ക്ക് വോട്ടുകള്‍ ലഭിച്ചത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിലന്‍ അരുണ്‍ കര്‍ണാടക സ്വദേശിയാണ്. ഐസിസിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗിരീഷ് കുമാറിനെതിരെ മല്‍സരിച്ച് പരാജയപ്പെട്ട മിലന്‍ അരുണിന് ഇക്കുറി പ്രമുഖ മലയാളി സംഘടനകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷത്തിന്റേയും പിന്തുണയുണ്ടായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മിലന്‍ അരുണിനെതിരെ മല്‍സരിച്ച മാഹി അസോസിയേഷന്‍ പ്രസിഡന്റ് മന്മഥന്‍ മാമ്പള്ളിക്ക് 107ഉം വിദ്യാ ആര്‍ട്‌സ് സെക്രട്ടറി സജീവ് സത്യശീലന് 31ഉം വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ 12 വോട്ടുകള്‍ അസാധുവായി.
മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനത്തേക്ക് മല്‍സരിച്ച സുധീഷ് 296, സലീം 135, കെ ആര്‍ ജി പിള്ള 136, സൈദലി 97, പത്മ സിംഗ് 65, മന്‍ഥ ശ്രീനിവാസ് 73 വോട്ടുകള്‍ നേടിയപ്പോള്‍ 26 വോട്ടുകള്‍ അസാധുവായി.
ഐസിസി അംഗങ്ങളായി 2089 പേരുണ്ടെങ്കിലും 1013 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. പലരും അവധി ആഘോഷിക്കാന്‍ നാട്ടിലാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."