സഹകരണമേഖലയോട് യുദ്ധപ്രഖ്യാപനം
നോട്ട് റദ്ദാക്കല്‍ നടപടി വഴി സാധാരണക്കാര്‍ക്കുണ്ടാവുന്ന ദുരിതം ഒരു പരിധിവരെ കുറയ്ക്കാനാണു പിന്‍വലിച്ച നോട്ടുകള്‍ നിര്‍ദിഷ്ട കാലയളവുവരെ സ്വീകരിക്കാന്‍ പല സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയത്. അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനു നല്‍കിയ ഇളവിനുപുറമെ പെട്രോള്‍ പമ്പുകളിലും പാല്‍വിതരണകേന്ദ്രങ്ങളിലും ഗ്യാസ് ഏജന്‍സികളിലുമൊക്കെ റദ്ദായ പണം സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്തത് ഇതിന്റെ ഭാഗമായാണ്.
ഇക്കൂട്ടത്തില്‍ പ്രാഥമിക സഹകരണബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തി ഗ്രാമീണജനതയ്ക്ക് ആശ്വാസമെത്തിക്കണമെന്ന ആവശ്യം സ്വാഭാവികമായും ഏതു ഭരണാധികാരിക്കും സ്വീകാര്യമാവേണ്ടതാണ്. കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രധനമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചപ്പോള്‍, ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു ഉറപ്പുംവാങ്ങി കേരളത്തിലെത്തിയ അവര്‍ കാണുന്നത്, ജില്ലാസഹകരണ ബാങ്കുകള്‍ അതുവരെ സ്വീകരിച്ചിരുന്ന 500, 1000 രൂപാ നോട്ടുകള്‍ ഇനിമേല്‍ വാങ്ങരുതെന്ന ഉത്തരവാണ്.
മറ്റു ബാങ്കുകളിലെ നിക്ഷേപകര്‍ക്കു കിട്ടിപ്പോരുന്ന സൗകര്യം നവംബര്‍ 14 മുതല്‍ ജില്ലാ സഹകരണബാങ്കില്‍ അക്കൗണ്ടുളളവര്‍ക്ക് അകാരണമായി പൊടുന്നനെ നിഷേധിക്കുകയായിരുന്നു. ജില്ലാ സഹകരണബാങ്കിനെപ്പോലെത്തന്നെ നബാര്‍ഡ് നിയന്ത്രണത്തിലുള്ള ഗ്രാമീണബാങ്കുകളിലും കള്ളപ്പണത്തിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവന്ന സ്വകാര്യബാങ്കുകളടക്കമുള്ള മുഴുവന്‍ വാണിജ്യബാങ്കുകളിലും റദ്ദാക്കിയ പണം സ്വീകരിക്കാം; ജില്ലാ ബാങ്കിനു മാത്രം അതു നിഷേധിക്കുകയാണ്. എന്തുകൊണ്ടിങ്ങനെ എന്നതിന് ഉത്തരംപറയാന്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ബാധ്യസ്ഥരാണ്.
കേരളത്തിലെ 1700 ഓളം സഹകരണ ബാങ്കുകളടക്കം ഇന്ത്യയില്‍ 94,000 ത്തോളം പ്രാഥമിക സഹകരണസ്ഥാപനങ്ങള്‍ ഇതുവഴി നിശ്ചലമായിരിക്കുകയാണ്. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ തങ്ങളുടെ 500, 1000 രൂപാ നോട്ടുകള്‍ സഹകരണബാങ്കുകളിലെ അക്കൗണ്ടുകളില്‍ അടയ്ക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിലാണ്. പാല്‍ ഓടയിലേയ്ക്ക് ഒഴുക്കി പ്രതിഷേധിക്കുകയാണവര്‍.
ദശകങ്ങള്‍ക്കുമുമ്പ് ബഹുരാഷ്ട്രക്കുത്തക കമ്പനിയായ പോള്‍സണ്‍ തങ്ങളുടെ പാലുല്‍പ്പന്നങ്ങള്‍ക്കു വില നല്‍കാത്തതിനെതിരായിട്ടാണ് ഇതേ സമരമുറ ഗുജറാത്തില്‍ നടന്നത്. അന്ന് അതിനു നേതൃത്വംനല്‍കിയതു മൊറാര്‍ജി ദേശായിയായിരുന്നു. അതേ, മൊറാര്‍ജി പ്രധാനമന്ത്രിയായപ്പോള്‍ നോട്ടു റദ്ദാക്കല്‍ നടത്തിയിരുന്നെങ്കിലും അതു സാധാരണക്കാരെ ബാധിക്കാത്ത ഹൈ ഡിനോമിനേഷന്‍ നോട്ടുകള്‍ മാത്രമായിരുന്നു. അന്നു ഗുജറാത്തിലെ ഒരു നേതാവു പ്രധാനമന്ത്രിയാവുന്നതിനുമുമ്പ് കുത്തകക്കമ്പനിക്കെതിരേ തങ്ങള്‍ക്കൊപ്പം നിന്നു; ഇന്നു ഗുജറാത്തിലെ മറ്റൊരു നേതാവ് പ്രധാനമന്ത്രിയായ ശേഷം കുത്തകകള്‍ക്കൊപ്പംനിന്നു തങ്ങളെ ദ്രോഹിക്കുകയാണ് എന്നു തിരിച്ചറിഞ്ഞാണു ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്.
വന്‍കിടകുത്തകകള്‍ വിദേശത്ത് അട്ടിയാക്കിവച്ച സഹസ്രലക്ഷം കോടികളുടെ കള്ളപ്പണം കണ്ടെത്തി ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിലിട്ടു കൊടുക്കുമെന്നായിരുന്നല്ലോ മോദിയുടെ പ്രഖ്യാപനം. വിദേശത്താണു കള്ളപ്പണത്തിന്റെ 94 ശതമാനവും. അതിനെ സ്പര്‍ശിക്കാതെ, ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിക്കൊണ്ടാണു കറന്‍സി റദ്ദാക്കല്‍ നടപടി കൈക്കൊണ്ടത്. അതു വ്യക്തമായതുകൊണ്ടാണു മോദിയുടെ സ്വന്തം തട്ടകത്തുതന്നെ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരുന്നത്.
നോട്ട് റദ്ദാക്കല്‍ നടപടി സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ആയുധമാക്കി മാറ്റിയതില്‍ അതിശയിക്കേണ്ടതില്ല. കഴിഞ്ഞ കുറച്ചുകാലത്തെ ധനമേഖലാപരിഷ്‌കാരങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ആരും ഇത്തരമൊരു ഭ്രാന്തന്‍നടപടി കാരണം ഞെട്ടിപ്പോവാനിടയില്ല.
പരസ്പരസഹായ സഹകരണസംഘങ്ങള്‍ക്കു പകരം സ്വാശ്രയസംഘങ്ങള്‍ക്കു പ്രാമുഖ്യവും മാന്യതയും ഏറിവരുന്ന കാലമാണല്ലോ. ഉല്‍പാദനത്തില്‍നിന്നു മൂലധനത്തിന്റെ വലിയൊരംശം ധനമേഖലയിലേയ്ക്കു കുത്തിയൊഴുകിപ്പോവുന്ന കാലമാണ്. ധനമൂലധനത്തിനു തടസ്സങ്ങളേതുമില്ലാതെ കടന്നുകയറാനും ലാഭം ഊറ്റിക്കൊണ്ടുപോവാനും പറ്റുംവിധം ലോകത്തെയാകെ മാറ്റിത്തീര്‍ത്തു വരുകയാണല്ലോ. അതിന്റെ ഭാഗമായി ബാങ്കിങ് റഗുലേഷന്‍ ആക്ട് പോലുള്ള തദ്ദേശീയനിയമങ്ങള്‍ ഭേദഗതി ചെയ്യപ്പെടുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും ബാങ്കിങ് മേഖലയില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്‍വാങ്ങലും ലക്ഷ്യമിടുന്നത് ഇതുതന്നെയാണ്. അത്തരമൊരവസരത്തില്‍ ധനമൂലധനത്തിന്റെ നിര്‍ബാധമായ കുത്തൊഴുക്കിനു തടസ്സംനില്‍ക്കുന്ന എന്തിനെയും അതു തട്ടിമാറ്റും. ആഗോളധനമൂലധനത്തിന്റെ മലവെള്ളപ്പാച്ചിലിനിടയ്ക്കും ഗ്രാമീണജനതയുടെ കൂട്ടായ്മയിലൂന്നുന്ന സഹകരണബാങ്കുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അതിന് അംഗീകരിച്ചുകൊടുക്കാനാവില്ല. ഇന്ത്യയിലെന്നല്ല ലോകത്തെവിടെയുമുള്ള അനുഭവം അതാണു തെളിയിക്കുന്നത്.
80 കളിലാണല്ലോ മൂലധനത്തിന്റെ ഘടനയില്‍ത്തന്നെ വലിയ മാറ്റം സൃഷ്ടിച്ച് ധനമൂലധനം ആധിപത്യം നേടുന്നത്. 1985 ല്‍ മാഞ്ചസ്റ്ററില്‍ ചേര്‍ന്ന അന്താരാഷ്ട്ര സഹകരണ അലയന്‍സില്‍ വച്ച് സഹകരണതത്വങ്ങളില്‍ വെള്ളംചേര്‍ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
തൊട്ടടുത്തവര്‍ഷം നടക്കാനിരുന്ന ഗാട്ടിന്റെ എട്ടാമതു റൗണ്ട് ചര്‍ച്ചകളില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനറല്‍ മോട്ടോഴ്‌സും ജനറല്‍ ഇലക്ട്രിക്‌സും സിറ്റി ബാങ്കുമടക്കമുള്ള ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ യോഗം ചേര്‍ന്നത് 1984 ലാണ്. ധന മേഖലയടക്കമുള്ള സേവനമേഖല തുറന്നിട്ടു കിട്ടണമെന്ന അവരുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് 1993 ല്‍ ഗാട്ട് കരാര്‍ ഒപ്പിടുന്നത്. വന്‍കിട ബഹുരാഷ്ട്രബാങ്കുകള്‍ക്ക് യഥേഷ്ടം കടന്നുകയറി കൊള്ളനടത്താനാവുംവിധം ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഇതിനിടയ്ക്കാണ്, 1997ല്‍ ലോകബാങ്കിന്റെകൂടി മുന്‍കൈയില്‍ ലഘുവായ്പാ ഉച്ചകോടി വിളിച്ചു ചേര്‍ക്കപ്പെടുന്നത്. ലോകത്തെ പരമനിസ്വരായ ജനങ്ങള്‍ക്കു വായ്പകിട്ടുമെന്ന് ഉറപ്പാക്കാനായി ഒരു സംവിധാനത്തിനു രൂപംകൊടുക്കുന്നുവെന്നാണു പ്രഖ്യാപിക്കപ്പെട്ടത്. വായ്പകിട്ടാത്തതിനു കാരണമായി പാവപ്പെട്ടവര്‍ക്കുള്ള വായ്പാസഹായത്തിനുള്ള കൂടിയാലോചനാ സമിതി കണ്ടെത്തിയത്, വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള അമിത പലിശനിയന്ത്രണമാണ്. സര്‍ക്കാരുകള്‍ പലിശയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുകൊണ്ടാണു പാവങ്ങള്‍ക്കു വായ്പകിട്ടാത്തതെന്ന്! വായ്പാലഭ്യത ഉറപ്പാക്കാനായി നിര്‍ദേശിക്കപ്പെട്ട പുതിയ ഏര്‍പ്പാടാണു ലഘുവായ്പാ സ്ഥാപനങ്ങള്‍. വായ്പകിട്ടലാണു പ്രശ്‌നം; പലിശ എത്രയെന്നതല്ല എന്നായി പ്രചാരണം. ബാങ്കുകള്‍ സ്വയംസഹായസംഘങ്ങള്‍ക്കു വായ്പകൊടുത്താല്‍ മതി; അവ അതതു സംഘങ്ങളിലെ അംഗങ്ങള്‍ക്കു കടം കൊടുത്തുകൊള്ളും; ഇതായി മാറി മുദ്രാവാക്യം. കഴുത്തറുപ്പന്‍ പലിശയ്ക്കാണെങ്കിലും സ്വയംസഹായസംഘങ്ങള്‍ വഴി വായ്പ ലഭ്യമാകുന്നുണ്ടല്ലോ എന്നായി ന്യായം.
യഥാര്‍ഥത്തില്‍ മുഖ്യധാരാ ബാങ്കിങ്ങില്‍നിന്നു സാധാരണക്കാരെ ചെത്തി മാറ്റി ഒഴിവാക്കാനുള്ള ഏര്‍പ്പാടാണു മൈക്രോ ക്രെഡിറ്റ് സംവിധാനം. മാത്രമല്ല, ഈ രംഗം ഇപ്പോള്‍ കൈയടക്കിയിരിക്കുന്നതു വന്‍കിട കുത്തകകളാണ്. ജോര്‍ജ് സോറോസിനെപ്പോലുള്ള ആഗോള ഭീമന്‍ നിക്ഷേപകര്‍ ഈ മേഖലയും നല്ല മേച്ചില്‍പ്പുറമാക്കി കൊള്ള നടത്തിയതിന്റെ പ്രത്യാഘാതങ്ങളിലൊന്നാണ് ആന്ധ്രയിലെ കര്‍ഷക ആത്മഹത്യകള്‍.
എന്‍.ഡി.എ സഖ്യകക്ഷി നേതാവാണല്ലോ വെള്ളാപ്പള്ളി. മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ അത്തരക്കാര്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നു കേരളീയരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പ്രാഥമിക സഹകരണസ്ഥാപനങ്ങളുടെ ശവപ്പറമ്പുകളില്‍ വട്ടമിട്ടു പറക്കാന്‍ കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരിക്കുന്ന കഴുകന്മാരെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കും.
ഇങ്ങനെയുള്ള മൈക്രോക്രെഡിറ്റ് സംവിധാനത്തിന്റെയും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെയും കണ്ണിലെ കരടാണ് സഹകരണബാങ്കുകള്‍. ആഗോള മൂലധന താല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ മോദി സര്‍ക്കാര്‍ ഈയവസരം കൃത്യമായി ഉപയോഗപ്പെടുത്തുകയാണ്. യു.പി.എ സര്‍ക്കാര്‍ ഇതിനായി ഒരുക്കിക്കൊടുത്ത മണ്ണില്‍ ചവിട്ടിനിന്നാണു മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തിപ്പോരുന്നത്. സഹകരണമെന്ന സ്റ്റേറ്റ് വിഷയത്തെ കേന്ദ്രം റാഞ്ചിയെടുത്തു കഴിഞ്ഞിരിക്കുന്നു.
ഭരണഘടനാ ഭേദഗതി വഴി സഹകരണമേഖലയെ പാകപ്പെടുത്തിക്കൊടുത്തതാണ്. കൂടാതെ പ്രകാശ് ബക്ഷി കമ്മിറ്റിയുടെ ശുപാര്‍ശകളുമുണ്ട്. ഇതിനെയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ ആഗോള മൂലധനതാല്‍പര്യ സംരക്ഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണു മോദി സര്‍ക്കാര്‍.
കറന്‍സി റദ്ദാക്കല്‍ നടപടിയെയും അതിനുപയോഗിക്കുകയാണു ലക്ഷ്യം. പക്ഷേ, അതിനെതിരേ ഉയരുന്ന ശബ്ദങ്ങള്‍ അവഗണിക്കാനാവാത്തവിധം ഉയരുകയാണ്. ലോകചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത സമരരൂപമാണ് കേരള മന്ത്രിസഭയുടെ നേതൃത്വത്തില്‍റിസര്‍വ് ബാങ്കിനു മുന്നില്‍ കഴിഞ്ഞദിവസം നടന്നത്. ഇത്തരം പ്രക്ഷോഭം വരും നാളുകളില്‍ കൂടുതല്‍ ഉയര്‍ന്ന സമരരൂപങ്ങളായി ഇന്ത്യയാകെ ആഞ്ഞടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."