നൗഷാദ് ഓര്‍മയായിട്ട് ഒരു വര്‍ഷം
കോഴിക്കോട്: മാന്‍ഹോളില്‍ വീണ് പിടയുന്ന ഇതരസംസ്ഥാനക്കാരുടെ ജാതിയേതെന്നോ മതമേതെന്നോ അന്വേഷിക്കാതെ മരണത്തിന്റെ മാന്‍ഹോളിലേക്കെടുത്തുചാടിയ നൗഷാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. മരണം നൗഷാദിനെ വീരപുരുഷനാക്കിയെങ്കിലും പിന്നീട് സൗകര്യപൂര്‍വം എല്ലാവരും അതു മറന്നു. ജീവിതത്തില്‍ ഒറ്റയ്ക്കായ പ്രിയതമയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ജോലിയും ഇതുവരെ ലഭിച്ചില്ല. ഇപ്പോള്‍ നൗഷാദിന്റെ വേര്‍പാടില്‍ വേദനിച്ചു കരയാന്‍ വീട്ടുകാര്‍ മാത്രം ബാക്കി. 2015 നവംബര്‍ 26നാണ് തന്റെ പ്രിയപ്പെട്ടവരെ ഒറ്റയ്ക്കാക്കി നൗഷാദ് വിടപറഞ്ഞത്.
കോഴിക്കോട് നഗരത്തിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിപ്പോയ രണ്ടു തൊഴിലാളികളെ രക്ഷിക്കാനായി ഓട്ടോ ഡ്രൈവറായ നൗഷാദ് മാന്‍ഹോളിലിറങ്ങുകയായിരുന്നു.
ആറടി വെള്ളമുള്ള മാന്‍ഹോളില്‍ ഇറങ്ങുന്നതിനെ കണ്ടുനിന്നവരെല്ലാം വിലക്കിയെങ്കിലും രണ്ടു സഹജീവികള്‍ കണ്‍മുന്നില്‍ക്കിടന്ന് പിടഞ്ഞുമരിക്കുന്നത് കാണാനുള്ള ശേഷി ആ സാധാരണക്കാരനുണ്ടായിരുന്നില്ല. സമൂഹത്തിന് മാതൃകയായി മാറിയ നൗഷാദിന്റെ ബന്ധുക്കളെ കാണാന്‍ പിറ്റേദിവസം തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി. ഭാര്യ സഫ്രീനയ്ക്ക് സര്‍ക്കാര്‍ ജോലിയും മാതാവ് അസ്മാബിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചെങ്കിലും തുക മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.
നൗഷാദ് മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഓര്‍മകളില്‍ നീറിപ്പുകഞ്ഞ് ജീവിക്കുകയാണ് സഫ്രീന. നൗഷാദിന്റെ സഹോദരിയുടെ വീട്ടിലാണ് മാതാവ് അസ്മാബി താമസിക്കുന്നത്. എന്നും നൗഷാദിന്റെ ഒപ്പമുണ്ടായിരുന്ന ഓട്ടോറിക്ഷ നൗഷാദിന്റെ സുഹൃത്തായ സജീറിന് ഓട്ടത്തിന് നല്‍കി.
അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവര്‍ ഇപ്പോള്‍ ജീവിക്കുന്നത്. തങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാകില്ലെന്ന് അറിയാമെങ്കിലും നന്മയുടെ പ്രതീകമായി തങ്ങളുടെ മകനെ നാട് മാതൃകയാക്കുന്നുവെന്നതാണ് അവരെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."