ശബരിമലയിലെ ദൃശ്യങ്ങള്‍ വെബ്സൈറ്റിലൂടെ തല്‍സമയം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി
തിരുവനന്തപുരം: ശബരിമലയിലെ ദൃശ്യങ്ങള്‍ വെബ്സൈറ്റിലൂടെ തല്‍സമയം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന് ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ തല്‍സമയ പ്രദര്‍ശനം ദേവസ്വം ബോര്‍ഡ് നിര്‍ത്തിവച്ചു.
തല്‍സമയം പ്രദര്‍ശിപ്പിക്കുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നറിയിച്ച് സന്നിധാനം സ്പെഷല്‍ ഓഫിസര്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. സന്നിധാനത്തുള്ള കേന്ദ്രസേനയും ദേവസ്വം ബോര്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡി.ജി.പി മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയതിനു ശേഷമാണ് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞദിവസമാണ് തത്സമയ പ്രദര്‍ശനത്തിന് തുടക്കമിട്ടത്. ഏതു സമയത്തും ശബരിമലയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലോകത്ത് എവിടെയിരുന്നും കാണാനുള്ള അവസരമെന്നായിരുന്നു ബോര്‍ഡിന്റെ വാദം.
സന്നിധാനത്തെ ആറ് ക്യാമറകള്‍ നല്കുന്ന ദൃശ്യങ്ങളാണ് തല്‍സമയ സംവിധാനത്തിനായി ഉപയോഗിച്ചിരുന്നത്. പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, മാളികപ്പുറത്തേക്കുള്ള ഫ്ളൈ ഓവര്‍, അന്നദാന മണ്ഡപം, ഇവിടേക്കുള്ള രണ്ടു വഴികള്‍ എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."